കനത്ത മഴയിൽ കൃഷി നാശം സംഭവിച്ച ചങ്ങനാശ്ശേരിയിലെ വിവിധ പാടശേഖരങ്ങളിൽ കൊടിക്കുന്നിൽ സുരേഷ് എം പി സന്ദർശനം നടത്തി.


ചങ്ങനാശ്ശേരി: കനത്ത മഴയിൽ കൃഷി നാശം സംഭവിച്ച ചങ്ങനാശ്ശേരിയിലെ വിവിധ പാടശേഖരങ്ങളിൽ കൊടിക്കുന്നിൽ സുരേഷ് എം പി സന്ദർശനം നടത്തി. കനത്ത മഴയിൽ കൃഷി നശിച്ച ചങ്ങനാശ്ശേരി കുറിച്ചി, വാഴപ്പള്ളി,പായിപ്പാട് പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങൾ എം പി സന്ദർശിച്ചു.

കാവാലിക്കര, ഓടേറ്റി വടക്ക്,ഇരത്തറ ഇഞ്ചത്തുരുത്ത്, മുട്ടത്തു കടവ് പാടശേഖരങ്ങളിലെത്തി കർഷകരെ നേരിൽ കണ്ട് അവരുടെ പ്രശ്നങ്ങളും നാശനഷ്ടങ്ങളും വിലയിരുത്തി. നെൽകർഷകരുടെ പ്രശ്നങ്ങൾ കേന്ദ്ര കൃഷിമന്ത്രാലയത്തിന് മുൻപിൽ അവതരിപ്പിക്കുമെന്ന് എം പി കർഷകർക്ക് ഉറപ്പ് നൽകി. കൃഷി നാശവും വിള നാശവും വലിയ തോതിൽ സംഭവിക്കുന്ന പാടശേഖരങ്ങളിൽ കർഷകർ കൃഷിയിൽ നിന്നും പിന്മാറുന്ന അവസ്ഥയാണുള്ളത് എന്നും അവർക്ക് മതിയായ സാമ്പത്തിക സഹായം, കൃഷി പ്രോത്സാഹനം, എന്നിവ നൽകാനും പാടശേഖരങ്ങളുടെ പുറം ബണ്ട് സ്ഥിരമായി തകരുന്ന അവസ്ഥക്ക് പരിഹാരം കണ്ടെത്തുന്നതിലും സംസ്ഥാന സർക്കാരും കൃഷി വകുപ്പും കാർഷിക സമൂഹത്തെയും കൃഷിയെയും പൂർണ്ണമായി അവഗണിക്കുകയാണ് എന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.