കാനഡയിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം സ്വദേശിനിയായ നേഴ്സ് മരിച്ചു.


കോട്ടയം: കാനഡയിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം സ്വദേശിനിയായ നേഴ്സ് മരിച്ചു. കോട്ടയം ഏറ്റുമാനൂർ ചാഴികാട്ട് ബാബുവിൻറെ മകളും പാലാ കരൂർ മറിയപുറം ഡോ. അനിൽ ചാക്കോയുടെ ഭാര്യയുമായ ശില്പ ബാബു (44) ആണ് സൗത്ത് സെറിയിൽ വാൻകൂവർ പട്ടണത്തിൽ വച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത്.

സംഗീതം പഠിക്കാൻപോയ മക്കളെ തിരികെ കൊണ്ടുവരാൻ പോകുന്നതിനിടെ 3 ദിവസം മുൻപുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു ശില്പ. ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന ശില്പ ശനിയാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്.

സംഗീതം പഠിക്കാൻപോയ മക്കളെ തിരികെ കൊണ്ടുവരാനായി റോഡരികിൽ കാത്തു നിൽക്കുമ്പോഴാണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലിടിക്കുകയും റോഡരികിൽ നിൽക്കുകയായിരുന്ന ശിൽപയെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. ഭർത്താവിനും മക്കൾക്കുമൊപ്പം കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ സ്ഥിരതാമസക്കാരായിരുന്നു. ഭർത്താവ് അനിൽ ചാക്കോ കാനഡയിൽ ഡോക്ടറാണ്. നോഹ, നീവ് എന്നിവരാണ് മക്കൾ.