കോട്ടയത്ത് ബൈക്കിനു പിന്നിൽ ടോറസ് ഇടിച്ചു ബൈക്ക് യാത്രികന് ദാരുണാന്ത്യം.


കോട്ടയം: കോട്ടയത്ത് ബൈക്കിനു പിന്നിൽ ടോറസ് ഇടിച്ചു ബൈക്ക് യാത്രികന് ദാരുണാന്ത്യം. കോട്ടയം കുറുപ്പന്തറ മാഞ്ഞൂർ കൊല്ലമല ജെയിംസ് ജോസഫ് (51) ആണ് കുറുപ്പന്തറയിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്. കുറുപ്പന്തറയിലെ ബാങ്കിൽ നിന്നും ഇറങ്ങിയ ജെയിംസ് ബൈക്ക് എടുത്തു റോഡിലേക്കിറങ്ങുന്നതിനിടെയാണ് പിന്നിൽ നിന്നെത്തിയ ടോറസ് ഇടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികൻ ടോറസിനടിയിൽ പെടുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരാണ് ടോറസിനടിയിൽ നിന്നും ബൈക്കും യാത്രികനെയും പുറത്തെടുത്തത്. ഉടൻ തന്നെ ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഗ്നിരക്ഷാ സേനയെത്തിയാണ് റോഡിൽ പരന്ന രക്തം കഴുകി കളഞ്ഞത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം റോഡിൽ ഗതാഗത തടസ്സമുണ്ടായി. ടിപ്പർ-ടോറസ് ലോറികൾ അമിത വേഗതയിലാണ് ഈ വഴി പായുന്നത് എന്ന് ആരോപിച്ചു നാട്ടുകാർ രംഗത്തെത്തി. ഈ വഴിയെത്തിയ ടിപ്പർ-ടോറസ് ലോറികൾ നാട്ടുകാർ തടയുകയും നേരിയ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. പോലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി.