എരുമേലി: എരുമേലി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. സസ്‌പെന്‍ഷനിലായി ഒരു മാസം പിന്നിടുമ്പോഴും പുതിയ നിയമനം വൈകുന്നു. ഇതോടെ എസ്.എച്ച്. ഒ യില്ലാതെ എരുമേലി പോലീസ് സ്‌റ്റേഷന്‍ അനാഥമായി. നിലവിലുണ്ടായിരുന്ന എസ്.ഐ. കോഴ്‌സിന് ശേഷം കഴിഞ്ഞ ദിവസമാണ് സ്‌റ്റേഷനില്‍ ചര്‍ജെടുത്തത്. രണ്ട് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലായതോടെ പ്രതികൂട്ടിലായ എരുമേലി പോലീസ് സ്‌റ്റേഷനെപ്പറ്റി ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നു. പോലീസ് സ്‌റ്റേഷനുള്ളില്‍ തന്നെ ചിലര്‍ മണല്‍ മാഫിയയ്ക്ക് അനുകൂലമായ കാര്യങ്ങള്‍ ചെയുന്നതായി വിവരങ്ങള്‍ ലഭിച്ചിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ല എന്നാണു പരാതി. ഇവിടേയ്ക്ക് നിയമനം നടത്തി വരാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. പകപോക്കലിന്റെയും പാരവയ്പ്പിന്റെയും കേന്ദ്രമായി മാറിയ സ്‌റ്റേഷനിലേയ്ക്ക് പുതിയ ഉദ്യോഗസ്ഥര്‍ വരാന്‍ മടിക്കുകയാണത്രെ. ശബരിമല തീര്‍ഥാടനകാലത്ത് ദേവസ്വം ബോര്‍ഡിന്റെ താല്‍ക്കാലിക കരാറുകാര്‍ തമ്മിലുള്ള പകയാണ് എസ്.എച്ച്.ഒ യുടെ സസ്‌പെന്‍ഷനിലെത്തിച്ചത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം ഒരു വിഭാഗത്തിന് അനുകൂലമായി എസ്.എച്ച്. ഒ. പ്രവര്‍ത്തിച്ചതായും ഇവരില്‍ നിന്നും കൈക്കൂലി വാങ്ങിയതായും പരാതി ഉയര്‍ന്നു. എന്നാല്‍ വിഷയത്തില്‍ ഭരണകക്ഷിയുടെ സ്വാധീനവും വിഷയത്തില്‍ എസ്.എച്ച്.ഒ യ്ക്ക് ഉണ്ടായിരുന്നതായും പറയുന്നു. ഭരണകക്ഷി നേതാക്കളുടെ സമര്‍ദത്തിന് വഴങ്ങിയാണ് എസ്.എച്ച്.ഒ. കേസ് എടുത്തത്. ഒരു സ്വകാര്യ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പോലീസ് വാഹനം ഇട്ടതിനെ ചൊല്ലി പോലീസുമായുണ്ടായ തര്‍ക്കവും പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. ജനമൈത്രി സേവനം ഉള്‍പ്പെടെ മാതൃകാപരമായി നടപ്പിലാക്കിയ പോലീസുകാരനും ഇതോടൊപ്പം സസ്‌പെന്‍ഷന്‍ ലഭിച്ചു. ശബരിമല തീര്‍ഥാടനകാലത്ത് ലെയ്‌സണ്‍ ഓഫീസറായി പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനെ പി.ആര്‍.ഒ യെന്ന് പറഞ്ഞാണ് സസ്‌പെന്‍ഷന്‍ കൊടുത്തതത്രേ. ഒരു വര്‍ഷം മുന്‍പ് എരുമേലി സ്വദേശിയായ ഒരു ഉദ്യോഗസ്ഥനെ കൈക്കൂലി വിഷയത്തില്‍ സ്‌റ്റേഷനില്‍ നിന്നും സ്ഥലം മാറ്റിയിരുന്നു. ഇതിനിടയില്‍ മണ്ണ്-മണല്‍ മാഫിയകളും സജീവമായി. നിലവില്‍ സ്‌റ്റേഷനില്‍ പോലീസുകാരുടെ എണ്ണത്തിലും കുറവാണുള്ളത്. ഇതിനാല്‍ സ്‌റ്റേഷന്‍ ദൈനംദിന കാര്യങ്ങള്‍ അവതാളത്തിലാകുന്നതിലും ഉന്നത ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ല.