കോട്ടയം: അവശ്യമരുന്നുകളുടെ വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള ഗവ.നേഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സർക്കാർ ആശുപത്രികൾക്കു മുന്നിൽ നേഴ്സുമാർ പ്രതിഷേധ ധർണ്ണ നടത്തി.
ദിനംപ്രതിയുള്ള ഇന്ധന-പാചക വാതക വില വർദ്ധന മൂലം ജീവിതം പ്രതിസന്ധിയിലായ സാധാരണക്കാർക്ക് ഇരട്ടി പ്രഹരമേൽപിക്കുന്നതാണ് മരുന്നുവില വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം. 800 ജീവൻ രക്ഷാ മരുന്നുകളുടെ വിലയാണ് ഭീമമായ തോതിൽ വർദ്ധിക്കുന്നത്. പാരസെറ്റാമോളും വേദനസംഹാരികളും സാധാരണ ഉപയോഗിക്കുന്ന ആൻ്റിബയോട്ടിക്കുകളും വൈറ്റമിൻ ഗുളികകളും വില വർദ്ധിപ്പിക്കുന്ന പട്ടികയിൽ ഉണ്ട്. കോവിഡിന് ഉപയോഗിക്കുന്നവയും സ്റ്റീറോയിഡുകളും, പ്രമേഹം, രക്തസമ്മർദ്ധം, ഹൃദ്‌രോഗം, അർബുദം തുടങ്ങിയവക്കുള്ള മരുന്നുകളും ഇവയിൽ ഉൾപ്പെടും.
മരുന്നുവില നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്ര സർക്കാർ ബഹുരാഷ്ട്ര കുത്തക മരുന്നു കമ്പനികൾക്ക് നൽകിയിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വില വർദ്ധനവാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ചികിത്സ ചിലവ് വലിയ തോതിൽ ഉയരാൻ ഇത് കാരണമാവും. സാധാരണക്കാരായ രോഗികൾക്ക് ഈ തീരുമാനം ഏറെ പ്രയാസം സൃഷ്ടിക്കും. മരുന്നുവില വർദ്ധിപ്പിച്ചു കൊണ്ട് ജനങ്ങളെ കൊള്ളയടിക്കാൻ ബഹുരാഷ്ട്ര കുത്തകകളായ മരുന്നു കമ്പനികൾക്ക് അവസരമൊരുക്കുന്ന നിലപാടിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കെജിഎൻഎ ആവശ്യപെട്ടു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിൽ സംസ്ഥാന-ജില്ല നേതാക്കൾ പങ്കെടുത്തു.