കൊച്ചിയിൽ പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകൾക്കെതിരെ അതിക്രമവും നഗ്നതാ പ്രദർശനവും, കോട്ടയം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു, പ്രതിയെ തിരിച്ചറ


കൊച്ചി: കൊച്ചിയിൽ പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകൾക്കെതിരെ അതിക്രമവും നഗ്നതാ പ്രദർശനവും ഉൾപ്പടെ സ്ത്രീകളെ ശല്യം ചെയ്തിരുന്ന കോട്ടയം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുറവിലങ്ങാട് കുളത്തൂർ ഇമ്മാനുവൽ സി കുര്യൻ ആണ് നിരവധിപ്പേരുടെ പരാതിയിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കടവന്ത്ര, പനമ്പള്ളിനഗർ തുടങ്ങിയ മേഖലകളിൽ ഇരുചക്ര വാഹനത്തിൽ കറങ്ങി നടന്നാണ് ഇയാൾ പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകൾക്കെതിരെ അതിക്രമവും നഗ്നതാ പ്രദർശനവും നടത്തിയിരുന്നത്. മൂവാറ്റുപുഴയിലെ വാഹന ഷോറൂമിൽ സർവീസ് എൻജിനീയറായ ഇയാൾ നമ്പർ പ്ളേറ്റ് ഇല്ലാത്ത ഇരുചക്ര വാഹനവുമായിട്ടായിരുന്നു സ്ത്രീകളെ ശല്യം ചെയ്തിരുന്നത്. ഇയാളുടെ ശല്യം രൂക്ഷമായതോടെ നിരവധിപ്പേരാണ് പോലീസിൽ പരാതി നൽകിയത്.

പരാതി വ്യാപകമായതോടെയാണ് കൊച്ചി സിറ്റി പോലീസ് കമീഷണർ ഷാഡോ പോലീസിനെ നിയോഗിക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തത്. തുടർന്ന് ഈ മേഖലകളിൽ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ തിരിച്ചറിഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി നൂറിലധികം ക്യാമറാ ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. തുടർന്ന് ഇന്നലെ ഉച്ചക്ക് മൂവാറ്റുപുഴയിൽ നിന്നും ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. പതിനൊന്നോളം പേരാണ് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. നീണ്ട നാളത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് ഇന്നലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.