ഒറ്റമഴയ്ക്ക് വെള്ളക്കെട്ട്! ഒരു മണിക്കൂർ പെയ്ത മഴയിൽ പാലാ നഗരത്തിലെ വിവിധ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷം.


പാലാ: ഇന്നലെ ഉച്ചക്ക് ശേഷം ഒരു മണിക്കൂർ പെയ്ത മഴയിൽ പാലാ നഗരത്തിന്റെ വിവിധ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായി. റോഡിൽ വെള്ളം ഉയർന്നതോടെ വാഹനഗതാഗതം കുരുക്കിലാക്കി. വെള്ളം ഉയർന്ന റോഡിലൂടെ വാഹനങ്ങൾ കടന്നു പോകാൻ സമയമെടുത്തതോടെയാണ് ഗതാഗത കുരുക്ക് രൂക്ഷമായത്.

ചില ഭാഗങ്ങളിൽ റോഡിൽ മുഴുവനായും ചില ഭാഗങ്ങളിൽ ഒരു സൈഡിൽ മാത്രമായുമാണ് വെള്ളം ഉയർന്നത്. പാലാ നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുൻപിലുള്ള റോഡ്, സെന്റ്.തോമസ്-അൽഫോൻസാ കോളേജ് മുൻവശത്തെ വളവിലും ചെത്തിമറ്റത്തും കെ.എസ്.ഇ.ബി ക്കു മുൻവശത്തും ബൈപ്പാസ് റോഡിലും ഈരാറ്റുപേട്ട റോഡിലും ഏറ്റുമാനൂർ റോഡിലും തുടങ്ങി വിവിധ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു.

അശാസ്ത്രീയമായ ഓട നിർമ്മാണവും കൃത്യമായ സമയങ്ങളിൽ ഓടകൾ അറ്റകുറ്റപ്പണികൾ നടത്തി നന്നാക്കാത്തതുമാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്നാണ് വ്യാപാരികളും നാട്ടുകാരും പറയുന്നത്. വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കാത്ത വിധമായിരുന്നു ചിലയിടങ്ങളിൽ വെള്ളക്കെട്ട്. ഓടകളിൽ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും അടിഞ്ഞു കൂടി കിടക്കുന്നതിനാൽ വെള്ളമൊഴുക്ക് സാവധാനമാണ്. മഴ കഴിഞ്ഞു മണിക്കൂറുകൾ വേണം റോഡിൽ നിന്നും വെള്ളം ഒഴുകിപ്പോകാൻ. വെള്ളക്കെട്ട് രൂക്ഷമാകുന്നതോടെ ഇരുചക്ര വാഹന യാത്രികരും കാൽനട യാത്രികരുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. എത്രയും വേഗത്തിൽ പൊതുമരാമത്ത് വകുപ്പ് പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിലാണ് വ്യാപാരികളും നാട്ടുകാരും.

ചിത്രം: രമേശ് കിടങ്ങൂർ.