ഒരു മലയാളി മലയാളിയാകണമെങ്കിൽ ഒരുതവണയെങ്കിലും കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്തിരിക്കണം എന്നത് വെറുമൊരു ചലച്ചിത്ര വാചകം മാത്രമല്ല... നമ്മൾ ഓരോ മലയാളികളും നെഞ്ചിലേറ്റിയ വികാരമാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ടുകൾ മലയാളിയുടെ സഞ്ചാരപാതയിൽ കെ.എസ്.ആർ.ടി.സി യുണ്ട്. തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് എന്ന പേരിൽ തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ആണ് പൊതു ഗതാഗതത്തിന്റെ ആദ്യ സംരംഭം സ്ഥാപിച്ചത്. രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുക ആയിരുന്നു സ്ഥാപിത ലക്ഷ്യം. ലണ്ടൻ പാസഞ്ജർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപ്പറേറ്റിങ്ങ് സൂപ്രണ്ട് ആയിരുന്ന ഇ.ജി. സാൾട്ടർ 1937 സെപ്റ്റംബർ 20-നു ഗതാഗതവകുപ്പിന്റെ സൂപ്രണ്ട് ആയി അവരോധിക്കപ്പെട്ടു. തിരുവനന്തപുരം-കന്യാകുമാരി, പാലക്കാട്-കോയമ്പത്തൂർ തുടങ്ങിയ പ്രധാന അന്തർ സംസ്ഥാന പാതകൾ ദേശസാൽക്കരിച്ചതോടെ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് വളർന്നു. 1938 ഫെബ്രുവരി 20 മുതൽ കേരളത്തിൻ്റെ സഞ്ചാര സാരഥ്യമേറ്റെടുത്ത ആനവണ്ടി 1965 ഏപ്രിൽ 1ന് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനായി മാറി.