പള്ളിക്കത്തോട്: പള്ളിക്കത്തോട് പാറമടക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംശയങ്ങൾ അവസാനിക്കുന്നില്ല. കുറിച്ചി സ്വദേശിയായ യുവാവ് കിലോമീറ്ററുകൾ അകലെയുള്ള പള്ളിക്കത്തോട്ടിൽ എത്തിയത് എങ്ങനെയെന്ന സംശയത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
അതേസമയം യുവാവിന്റെ മരണത്തിൽ ദുരൂഹതയുള്ളതായി പോലീസിനും സംശയമുണ്ട്. കോട്ടയം ചിങ്ങവനം കുറിച്ചി ചാമാക്കുളത്ത് നിന്നും കാണാതായ കുറിച്ചി മലകുന്നം വാഴപ്പറമ്പിൽ സദാനന്ദന്റെ മകൻ വി.എസ് അജിനെ(24) യാണ് പള്ളിക്കത്തോട് മുലൂരിലെ പാറമടക്കുളത്തിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 29 നാണ് അജിനെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകിയിരുന്നു.
സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം പള്ളിക്കത്തോട്ടിലെ പാറമടക്കുളത്തിൽ നിന്നും കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് പാറമടക്കുളത്തിനു സമീപത്തെ റോഡരികിൽ സംശയാസ്പദമായ രീതിയിൽ ഒരു സ്‌കൂട്ടർ ഇരിക്കുന്നത് കണ്ടത്. സംശയം തോന്നിയ നാട്ടുകാർ വിവരം പള്ളിക്കത്തോട് പൊലീസിൽ അറിയിക്കുകയായിരുന്നു. രണ്ടു ദിവസത്തോളമായി സ്‌കൂട്ടർ റോഡരികിൽ ഇരിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പള്ളിക്കത്തോട് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.