പനച്ചിക്കാട്: പനച്ചിക്കാട് കെ-റെയിൽ കടന്നുപോകുന്ന പ്രദേശത്തെ താമസക്കാരായ ജിമ്മി ഈശോ മാത്യു, അക്കാമ്മ ജിമ്മി എന്നിവർ വീടിൻറെ രണ്ടാമത്തെ നില പണിയുന്നതിനുവേണ്ടി അപേക്ഷിച്ച പെർമിറ്റിന് കെ-റെയിലിന്റെ എൻ. ഒ. സി ആവശ്യപ്പെട്ടുകൊണ്ട് പെർമിറ്റ് നിഷേധിച്ച സംഭവത്തിനെതിരെ സിപിഐഎം പനച്ചിക്കാട്-കൊല്ലാട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
നിലവിലുള്ള കെട്ടിട പെരുമാറ്റ ചട്ടം അനുസരിച്ച് പെർമിറ്റ് കൊടുക്കാൻ സെക്രട്ടറിക്ക് അധികാരമുള്ളപ്പോൾ കെ-റെയിൽ തഹസിൽദാരോട് എൻ.ഒ. സി വാങ്ങി കൊണ്ടുവരുവാൻ ആവശ്യപ്പെട്ടുകൊണ്ട് കക്ഷികളുടെ കയ്യിൽ കത്തുനൽകിവിട്ട് പെർമിറ്റിന് ആറുമാസത്തോളം കാലതാമസം വരുത്തിയത് യു.ഡി.എഫ് ഭരണസമിതിയോടും എം.എൽ.എ തിരുവഞ്ചൂരിനോടും ചേർന്നു നടത്തിയ ഗൂഡാലോചനയാണെന്ന് സിപിഐഎം ആരോപിച്ചു. കോൺഗ്രസ്സ് ഭരിക്കുന്ന പഞ്ചായത്തിൽ ഗവണ്മെന്റിന്റെ വികസന പദ്ധതിയ്ക്കെതിരെ നിയമവിരുദ്ധമായി തുരങ്കം വയ്ക്കുന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നിയമനടപടി എടുക്കണമെന്നും സിപിഐഎം ചൂണ്ടിക്കാട്ടി. സിപിഐഎം പനച്ചിക്കാട് ലോക്കൽ സെക്രട്ടറി ഇ.ആർ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ധർണ്ണ ഏരിയ സെക്രട്ടറി സുഭാഷ് പി. വർഗീസ് ഉദ്ഘടാനം ചെയ്തു. അഭിവാദ്യം അർപ്പിച്ചുകൊണ്ട് ഏരിയ കമ്മിറ്റി അംഗം കെ.ജെ അനിൽകുമാർ, പി.കെ മോഹനൻ എന്നിവർ സംസാരിച്ചു.