ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ മറ്റൊരു വാഹനത്തെ മറികടന്ന കാർ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി. ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപം ശനിയാഴ്ച്ച രാത്രി 8 മണിക്കാണ് സംഭവം.
ചങ്ങനാശ്ശേരിയിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ കോട്ടയം ഭാഗത്തു നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻപിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ അശ്രദ്ധയോടെ മറികടന്ന കാർ ബൈക്ക് യാത്രകനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടം നടന്നെങ്കിലും വാഹന നിർത്താതെ ഓടിച്ചു പോകുകയായിരുന്നു.
അപകടത്തിൽ ബൈക്ക് യാത്രികന്റെ കാലിനു ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ പല വാഹനങ്ങൾക്കും കൈ കാണിച്ചിട്ടും നിർത്തിയിരുന്നില്ല. തുടർന്ന് ഈ വഴിയെത്തിയ ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിളിന്റെ ഔദ്യോഗിക വാഹനത്തിൽ കയറ്റിയാണ് ചങ്ങനാശ്ശേരി ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് അപകട വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികന് ചികിത്സ ഉറപ്പാക്കിയ ശേഷമാണ് എംഎൽഎ ജോബ് മൈക്കിൾ ആശുപത്രി വിട്ടത്.