കോർപ്പറേഷന്റെ മനസ്സലിഞ്ഞു, സ്ഥിരം യാത്രികരുടെ കൊമ്പൻ കെഎസ്ആർടിസി ചങ്ങനാശ്ശേരി-വേളാങ്കണ്ണി സർവ്വീസ് സൂപ്പർ എക്സ്പ്രസ് ആയി നിലനിർത്തും.


തിരുവനന്തപുരം: ചങ്ങനാശ്ശേരിയിൽ നിന്നും വേളാങ്കണ്ണിയിലേക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് അതേ രീതിയിൽ നിലനിർത്താൻ  സിഎംഡി  നിർദ്ദേശം നൽകി. അന്തർ സംസ്ഥാന സർവ്വീസ് സൂപ്പർ ഡീലക്സ് ആയി ഉയർത്തുന്നതിന് വേണ്ടിയാണ് കെഎസ്ആർടിസി- സ്വിഫ്റ്റ് ബസ്സുപയോഗിച്ച് മാറ്റുവാനായി തീരുമാനിച്ചിരുന്നത്. ദീർഘ​ദൂര സർവ്വീസുകൾ നടത്തുന്ന സൂപ്പർ ക്ലാസ് ബസുകൾ  5 വർഷം കഴിഞ്ഞാൽ മാറ്റണമെന്നായിരുന്നു നിയമം. എന്നാൽ സംസ്ഥാനത്ത് ഇത്തരത്തിലുള്ള ബസുകളുടെ കുറവ് കാരണം അത് 7 വർഷമായി വർദ്ധിപ്പിച്ചിരുന്നു. എന്നിട്ടും ഇത്തരത്തിലുള്ള ബസുകളുടെ കുറവ് ഉണ്ടായതോടെ വീണ്ടും 704 ബസുകളുടെ കാലപരിധി 9 വർഷമായി ഈ അടുത്ത കാലത്താണ് വർദ്ധിപ്പിച്ചത്. ബസ് സഞ്ചരിക്കുന്ന ദൂരം, അന്തർസംസ്ഥാന സർവ്വീസ്, കാലപഴക്കം,സർവ്വീസിന്റെ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് പഴയ ബസുകൾക്ക് പകരം  കെഎസ്ആർടിസി-സ്വിഫ്റ്റിന്റെ പുതിയ ബസുകൾ നൽകുന്നത്. ഇത്തരത്തിൽ പ്രാധാന്യം നൽകിയാണ് 5 വർഷവും 3 മാസവും പഴക്കമുള്ള ചങ്ങനാശ്ശേരി-വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് ബസ് സർവ്വീസ് ഡീലക്സ് ആയി അപ്ഗ്രേഡ് ചെയ്യുവാൻ തീരുമാനിച്ചത്. ഈ ബസിലെ ഡ്രൈവർ പൊന്നുക്കുട്ടൻ അടക്കം സർവ്വീസ് പോകുന്ന ജീവനക്കാർ ബസിനെ സ്നേഹിക്കുന്നതായും പരിപാലിക്കുന്നതായും മാതൃകാപരമായി സർവ്വീസ് നടത്തുന്നതായും കാണുകയും ഇതിനാൽ തന്നെ ധാരാളം സ്ഥിരം യാത്രക്കാർ ഈ സർവ്വിസിനെ  ആശ്രയിക്കുന്നതായും കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ ബസ് തുടർന്നും സൂപ്പർ എക്സ്പ്രസ് സർവ്വീസ് ആയി നടത്തുന്നതിന് അനുമതി നൽകുവാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം സർവ്വീസിനിടെയാണ് വികാരനിര്ഭരനായി ബസ്സിന്റെ സാരഥി പാലക്കാട് ഡിപ്പോയിലെ ഡ്രൈവർ പൊന്നുംകുട്ടൻ ബസ്സിൽ ചാരി നിന്ന് യാത്രയയപ്പ് നൽകിയത്. യാത്രക്കാർക്കൊപ്പം ബസ്സിനെ ചങ്കായി സ്നേഹിച്ച സാരഥിയുടെ വിടപറച്ചിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിരുന്നു. സ്ഥിരം യാത്രക്കാരടക്കം ഈ കൊമ്പന് നിരവധി ആരാധകരും ഉണ്ടായിരുന്നു. മികച്ച പെരുമാറ്റത്തിലൂടെയും സർവ്വീസ് കൃത്യതയിലൂടെയും ജീവനക്കാരും യാത്രക്കാരുടെ പ്രിയരായിരുന്നു.