മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ മലയാറ്റൂർ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന കാറും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ച് കോട്ടയം അതിരമ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം. കോട്ടയം അതിരമ്പുഴ കോട്ടയ്ക്കുപുറം സ്വദേശി നിരപ്പേൽ സനീഷ് ദേവസ്യയാണ് മൂവാറ്റുപുഴ തൃക്കളത്തൂരിൽ സംഗമംപടിയിൽ ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ഉണ്ടായ അപകടത്തിൽ മരിച്ചത്.
മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂരിന് പോകുകയായിരുന്ന കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ കാറിലുണ്ടായിരുന്ന 3 പേരുടെ നില അതീവ ഗുരുതരമാണ്. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരും മറ്റു വാഹനങ്ങളിൽ എത്തിയവരും ചേർന്ന് യാത്രക്കാരെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.
തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന കാർ വെട്ടിപ്പൊളിച്ചാണ് 4 പേരെയും പുറത്തെടുത്തത്. അപകടത്തിൽ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സനീഷിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തിൽ പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. വേഗതയിൽ എത്തിയ കാർ നിയന്ത്രണംവിട്ടു ബസ്സിൽ ഇടിക്കുകയായിരുന്നു എന്ന് കെ എസ് ആർ ടി സി ഡ്രൈവർ പറഞ്ഞു. അപകടത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ചിലർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്.