വിദ്യാവനം പദ്ധതി, ഫോറസ്ട്രി ക്ലബ്ബ് രൂപീകരണം: കോട്ടയത്ത് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉത്‌ഘാടനം നിർവഹിച്ചു.


കോട്ടയം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വനം-വന്യജീവി വകുപ്പ് ജില്ലയിലെ സാമൂഹ്യ വനവത്കരണ വിഭാഗം മുഖേന രൂപീകരിച്ചിട്ടുള്ള രണ്ട് വിദ്യാവനം പദ്ധതികൾ, സോഷ്യൽ ഫോറസ്ട്രി ക്ലബ്ബുകളുടെ രൂപീകരണം എന്നിവയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. ആഗോളതാപനം മൂലം പ്രകൃതിക്ക് ഉണ്ടായ മാറ്റങ്ങള്‍ വലിയ ദുരന്തങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഇവയെ ഫലപ്രദമായി തടയുന്നതിന് വൃക്ഷ വല്‍ക്കരണം വഴി ഒരു പരിധി വരെ സാധിക്കും. വനസമൃദ്ധി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഹരിത മേലാപ്പ് വര്‍ധിപ്പിക്കുന്നതിന് ഒപ്പം ഹരിതഗൃഹ വാതക തോത് പൂജ്യം ശതമാനത്തില്‍ എത്തിക്കുകയെന്നതാണ് ലക്ഷ്യം. 2032-ല്‍ ഈ ലക്ഷ്യം കൈവരിക്കണം എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി പുതുതലമുറയെ സജ്ജമാക്കും. സ്‌കൂള്‍തലം മുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ മാത്രമേ പ്രകൃതിസംരക്ഷണത്തിന് കൂടുതല്‍ സാധ്യതകള്‍ ഉണ്ടാകുകയുള്ളൂ. ഇതിനായി വിദ്യാവനം പദ്ധതി കൂടുതല്‍ വിപുലമാക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, സോഷ്യൽ ഫോറസ്ട്രി ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി. സാജൻ, കെ.എഫ്.ഡി.സി. ചെയർപേഴ്സൺ ലതികാ സുഭാഷ്, വാർഡ് കൗൺസിലർ സിൻസി പാറയിൽ, മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ്, ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജി പി. മാത്തച്ചൻ, ജില്ലാ ഫോറസ്റ്റ് ഓഫീസർ എൻ. രാജേഷ്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ജില്ലാ സാമൂഹ്യ വനവത്കരണ വിഭാഗം ഏർപ്പെടുത്തിയിട്ടുള്ള 2021 ലെ വനമിത്രാ അവാർഡ് നേടിയ മഹാത്മാഗാന്ധി സർവകലാശാലയ്ക്കുള്ള പുരസ്‌കാരം ചടങ്ങിൽ മന്ത്രി സമ്മാനിച്ചു. കോട്ടയം പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള സ്വന്തം വീടും പരിസരവും മരങ്ങൾ വച്ചുപിടിപ്പിച്ച്  ഹരിതാഭമാക്കി വർഷങ്ങളായി മാതൃക നൽകിയ മുൻ കോളജ് അധ്യാപകൻ ജേക്കബ്ബ് മാണിയെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാനത്ത് നിലവില്‍ 28 വിദ്യാവനങ്ങളാണ് പ്രവര്‍ത്തിക്കുന്നത് ഫോറെസ്ട്രി ക്ലബ്ബുകള്‍ക്ക് പരിപാലന ചുമതല നല്‍കി വിദ്യാവനങ്ങള്‍ സംരക്ഷിക്കും. ബന്ധപ്പെട്ട സ്‌കൂളുകളില്‍ ഒരു അദ്ധ്യാപകന് അല്ലെങ്കില്‍ അധ്യാപികയ്ക്ക് ഇതിന്റെ പ്രധാന ചുമതല നല്‍കി പദ്ധതി ശാക്തീകരിക്കും. സ്‌കൂളുകള്‍ക്കുള്ള വൃക്ഷത്തൈ വിതരണവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.