കോട്ടയം: കേരള നിയമസഭയുടെ പരിസ്ഥിതി കമ്മറ്റി വെള്ളൂർ ചെറുകര പ്രദേശത്ത് സന്ദർശനം നടത്തി. പ്രളയത്തെ തുടർന്ന് വൈക്കം നിയോജക മണ്ഡലത്തിലെ മൂവാറ്റുപുഴ ആറിന്റെ തീരപ്രദേശങ്ങളിൽ ഉണ്ടായ പാരിസ്ഥിതിക നാശം വിലയിരുത്തണമെന്നും പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വൈക്കം എംഎൽഎ സി.കെ ആശ പരിസ്ഥിതി സംബന്ധിച്ച സമിതി മുമ്പാകെ നൽകിയ നിവേദനത്തെ തുടർന്നാണ് സമിതി സ്ഥലം സന്ദർശിച്ചത്. പ്രളയകാലത്ത് മൂവാറ്റുപുഴ ആറ് കരകവിഞ്ഞൊഴുകി തീരം ഇടിയുകയും പുതിയ തുരുത്തുകൾ രൂപംകൊള്ളുകയും പ്രദേശത്തിന്റെ പരിസ്ഥിതിക്ക് ദോഷകരമായ മാറ്റം സംഭവിക്കുകയും ചെയ്ത വസ്തുത നിവേദനത്തിൽ എംഎൽഎ ചൂണ്ടിക്കാട്ടിയിരുന്നു. സന്ദർശനത്തിന് മുന്നോടിയായി കോട്ടയം കളക്ടറേറ്റിൽ റവന്യൂ പരിസ്ഥിതി തദ്ദേശസ്വയംഭരണം ജലവിഭവം എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥന്മാരുമായി സമിതി അംഗങ്ങൾ ചർച്ച ചെയ്യുകയും പരിഹാരമാർഗ്ഗങ്ങൾ ആരായുകയും ചെയ്തിരുന്നു. പരിസ്ഥിതി കമ്മിറ്റിയുടെ ചെയർമാൻ എംഎൽഎ ഇ കെ വിജയൻ, എംഎൽഎ മാരായ സി.കെ ആശ, കെ ഡി പ്രസേനൻ, ജോബ് മൈക്കിൾ, ജില്ലാ കളക്ടർ പി കെ ജയശ്രീ, പാലാ ആർഡിഓ രാജേന്ദ്ര ബാബു, വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാർ എന്നിവരാണ് സമിതിക്കൊപ്പം സ്ഥലം സന്ദർശിച്ചത്. സമിതിയുടെ വിലയിരുത്തലുകളും നിർദ്ദേശങ്ങളും ഉടൻതന്നെ സർക്കാറിലേക്ക് റിപ്പോർട്ടായി സമർപ്പിക്കുമെന്ന് സമിതി ചെയർമാൻ ഇ കെ വിജയൻ എംഎൽഎ അറിയിച്ചു.