വെയിൽകാണാംപാറ-പെരുന്നിലം റോഡ് ഗതാഗതയോഗ്യമായി.


ഈരാറ്റുപേട്ട: നിർദിഷ്ട ഈരാറ്റുപേട്ട ബൈപ്പാസ് കടന്നുപോകുന്ന പെരുന്നിലം മഠംകുന്ന് പ്രദേശത്തെയും വെയിൽകാണാംപാറയെയും ബന്ധിപ്പിക്കുന്ന വെയിൽകാണാംപാറ-പെരുന്നിലം റോഡ് ഗതാഗതയോഗ്യമായി. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവിൽ നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് നിർവഹിച്ചു.

വെയിൽകാണാംപാറ സ്കൂളിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രധാന ആശ്രയമായ ഈ റോഡിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 2013-ൽ 10 കോടി രൂപ അനുവദിച്ച് ഈരാറ്റുപേട്ട ബൈപ്പാസ് നിർമ്മാണം ആരംഭിച്ചെങ്കിലും പിന്നീട് സ്ഥലമേറ്റെടുപ്പ് നടപടികളിൽ ഉണ്ടായ കാലതാമസം മൂലം പദ്ധതി വൈകുകയായിരുന്നു.

കഴിഞ്ഞ ഡിസംബർ 31ന് പദ്ധതിക്ക് അനുവദിച്ച തുക റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രസ്തുത റോഡ് ഗതാഗത യോഗ്യമാക്കാൻ മുൻകൈ എടുത്തതെന്നും, ഈരാറ്റുപേട്ട ബൈപ്പാസ് യാഥാർത്ഥ്യമാക്കാൻ രാഷ്ട്രീയപരമായും നിയമപരമായും ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഷോൺ ജോർജ് പറഞ്ഞു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം ഷെൽമി റെന്നി, തിടനാട് ഗ്രാമപഞ്ചായത്ത് അംഗം ജോഷി ജോർജ് എന്നിവർ സംസാരിച്ചു.