കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സംയുകത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക് തുടരുന്നു. പണിമുടക്കിന്റെ ഒന്നാം ദിവസം പിന്നിടുമ്പോൾ സംസ്ഥാനത്ത് പൊതുഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസ്സുകൾ, ഓട്ടോ-ടാക്സി വാഹനങ്ങൾ എന്നിവ സർവ്വീസ് നടത്തുന്നില്ല. അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവരുടെ സ്വാകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലുള്ളത്. വ്യാപാര സ്ഥാപനങ്ങൾ ഒന്നും തന്നെ ഇന്ന് തുറന്നിട്ടില്ല. ജില്ലയുടെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചിരുന്നു. പണിമുടക്കിൽ ജില്ലയിലെ പെട്രോൾ പമ്പുകൾ പ്രവർത്തിക്കാത്തത് അവശ്യ സേവന വിഭാഗങ്ങളെയും ആംബുലൻസ്, ആശുപത്രി യാത്രികരുടെ വാഹനങ്ങൾ തുടങ്ങി അത്യാവശ്യ കാര്യങ്ങൾക്കായി യാത്ര ചെയ്യന്നുവരെ ബുദ്ധിമുട്ടിലാക്കി.
ജില്ലയിൽ പ്രധാന കേന്ദ്രങ്ങളിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞെങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പണിമുടക്കിൽ ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിൽ ജോലിക്കാൻ എത്താഞ്ഞതിനെ തുടർന്ന് അടഞ്ഞു കിടക്കുകയായിരുന്നു. പാൽ,പത്രം,ആശുപത്രി തുടങ്ങി അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിരുന്നു.