തിരുവനന്തപുരം: സംയുകത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക് തുടരുന്നതിനിടെ സംസ്ഥാനത്തെ മുഴുവൻ സർക്കർ ജീവനക്കാരും നാളെ ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. സർക്കാർ ജീവനക്കാർ ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമ വിരുദ്ധമാണെന്നു കാട്ടി ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി.
പണിമുടക്കിൽ പങ്കെടുത്തു ജോലിക്ക് ഹാജരാകാത്തവർക്ക് ഡയസ്‌നോൺ ബാധകമാണെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ആവശ്യകാര്യങ്ങൾക്കും യേശുകമോ പരീക്ഷയോ പ്രസവാവധിയോ തുടങ്ങി ഒഴിവാക്കാനാകാത്ത കാരണങ്ങളിൽ മാത്രമേ അവധി അനുവദിക്കൂ. ജോലിക്കു ഹാജരാകാതിരിക്കുന്നവർക്ക് ശമ്പളം നഷ്ടപ്പെടും. എന്നാൽ ഡയസ്‌നോൺ പ്രഖ്യാപനം തള്ളി സർവ്വീസ് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
നാളെയും പണിമുടക്കുമെന്നു എൻജിഓ യൂണിയനും അസോസിയേഷനുകളും അറിയിച്ചു. മുൻകൂട്ടി നോട്ടീസ് നൽകി നടത്തുന്ന പണിമുടക്കായതിനാൽ സർക്കാരിന്റെ ഡയസ്‌നോൺ ബാധിക്കില്ല എന്നാണു സർവ്വീസ് സംഘടനകൾ പറയുന്നത്. ജോലിക്ക് എത്തുന്നവർക്ക് സംരക്ഷണം നൽകണം, പണിമുടക്കുന്ന താത്‌കാലിക ജീവനക്കാരെ പിരിച്ചു വിടണം തുടങ്ങിയ നിർദേശങ്ങളാണ് ഉത്തരവിൽ പറയുന്നത്. ഇത് സംബന്ധിച്ച് അറിയിപ്പ് എല്ലാ വകുപ്പ് മേധാവികൾക്കും നൽകിയിട്ടുണ്ട്. അതേസമയം മന്ത്രിമാർ ഉൾപ്പടെയുള്ളവർ പണിമുടക്കിന് പിന്തുണയുമായി രംഗത്തുണ്ട്. കോട്ടയം ജില്ലയിലുൾപ്പടെ സംസ്ഥാനത്ത് വിവിധയിടങ്ങിൽ സർക്കാർ ഓഫീസുകൾ അടഞ്ഞു കിടക്കുകയായിരുന്നു.