32.32 കോടിയുടെ ബജറ്റുമായി വൈക്കം നഗരസഭ: വൈക്കത്ത് രണ്ട് കോടിയുടെ പുതിയ ഷോപ്പിംഗ് കോംപ്ലക്സ്.


വൈക്കം: വൈക്കം നഗരസഭയുടെ 2022-23 സാമ്പത്തിക വർഷത്തെ വാർഷിക ബഡ്ജറ്റ് നഗരസഭാ വൈസ് ചെയർമാനും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.ടി. സുഭാഷ് അവതരിപ്പിച്ചു. 32,32,27,157 രൂപ ആകെ വരവും 31,97,50,000 രൂപ ചെലവും 34,77,157 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ്് അവതരിപ്പിച്ചത്.

വൈക്കത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടും  കോവിഡ് രോഗവ്യാപനം മൂലം മന്ദഗതിയിലായ വികസന പ്രവർത്തനങ്ങൾക്ക് നവജീവനും ഉത്പാദന, സേവന  മേഖലകൾക്ക് ഉണർവും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. വൈക്കം നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ രേണുക രതീഷ് അധ്യക്ഷത വഹിച്ചു. ദരിദ്ര ലഘൂകരണത്തിനായി നാലു കോടി രൂപയും പഴയ എൽ. ഐ.സി കെട്ടിടം പൊളിച്ചു മാറ്റി പുതിയ ബഹുനില വാണിജ്യ സമുച്ചയം നിർമിക്കുന്നതിനായി രണ്ടു കോടിയും പാർപ്പിട പദ്ധതികൾക്കായി മൂന്നര കോടിയും ശുചിത്വ പാലന കോവിഡ് പ്രതിരോധത്തിന് ഒരു കോടിയും പശ്ചാത്തല വികസനത്തിന് രണ്ട് കോടിയും വകയിരുത്തി.

വനിതാ ക്ഷേമ പ്രവർത്തനങ്ങൾക്ക് 20 ലക്ഷം, നഗരത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് 20 ലക്ഷം, മത്സ്യതൊഴിലാളി ക്ഷേമത്തിനായി 25 ലക്ഷം, കാർഷിക മേഖലയ്ക്ക് 46 ലക്ഷം, വിദ്യാഭ്യാസത്തിന് 51 ലക്ഷം രൂപ എന്നിങ്ങനെയാണ് ബജറ്റിൽ തുക വകയിരുത്തിയിട്ടുള്ളത്. കൂടാതെ ദുരന്ത നിവാരണ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പദ്ധതികൾക്കും ആരോഗ്യം, അങ്കണവാടി പോഷകാഹാര അടിസ്ഥാന വികസനം, നഗരസഭാ ബീച്ച് വികസനം, മൃഗസംരക്ഷണം, യുവജനക്ഷേമം, ആസ്തി സംരക്ഷണം,  ടൂറിസം, വൈക്കം സത്യാഗ്രഹ ദിനാചരണം തുടങ്ങിയവയ്ക്കുള്ള തുകയും ബജറ്റിൽ ഉൾപ്പെടുത്തി.

നിലവിലെ പദ്ധതി വിഭവങ്ങളും പ്രതീക്ഷിത വരുമാനങ്ങളും പരിഗണിച്ചാണ് ബജറ്റ് തയാറാക്കിയിരിക്കുന്നതെന്നും പദ്ധതി തുകയിൽ വർധനവോ മറ്റ് വിഭവ സമാഹരണം സാധ്യമാവുകയോ ചെയ്താൽ പുതിയ പ്രോജക്ടുകൾ ഉൾപ്പെടുത്തി ബജറ്റ് പുതുക്കുന്നതാണെന്നും ബജറ്റ് അവതരണത്തിൽ പി.ടി. സുഭാഷ് പറഞ്ഞു.