കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ വനിതാ വിദ്യാർത്ഥിനികളുടെ ഹോസ്റ്റൽ സമയപരിധി എടുത്തു മാറ്റി. വിദ്യാർത്ഥിനികളുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് പിടിഎ എക്സിക്യൂട്ടീവ് കമ്മറ്റി സമയ നിയന്ത്രണം എടുത്തു മാറ്റാൻ തീരുമാനിച്ചത്. മുൻപ് വിദ്യാർഥിനികൾക്ക് ഹോസ്റ്റലിൽ പ്രവേശിക്കാനുള്ള സമയം 9 മണി വരെ മാത്രമായിരുന്നു.
എന്നാൽ പുതിയ തീരുമാനം വന്നതോടെ ഇനി മുതൽ 24 മണിക്കൂറും വിദ്യാർഥിനികൾക്ക് ഹോസ്റ്റലിൽ പ്രവേശിക്കാം. എന്നാൽ മുഴുവൻ സമയവും ഗേറ്റ് തുറന്നിടുന്നത് സുരക്ഷാ പ്രശനങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ രജിസ്റ്ററിൽ പേരും സമയവും രേഖപ്പെടുത്തി വിദ്യാർഥിനികൾക്ക് ഹോസ്റ്റലിലേക്ക് കയറാനും പുറത്തേക്കു പോകാനും അനുമതി നൽകിയതായി വൈസ് പ്രിൻസിപ്പൽ ഡോ. മറിയം വർക്കി പറഞ്ഞു.
ഹോസ്റ്റൽ സമയ നിയന്ത്രണം മാറ്റുന്നത് സംബന്ധിച്ച് വിദ്യാർത്ഥിനികൾ എസ്എഫ്ഐ വനിതാ യൂണിറ്റിന്റെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തുകയും മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നിവേദനം നൽകുകയും ചെയ്തിരുന്നു. ലേബർ റൂമിലും അത്യാഹിത വിഭാഗങ്ങളിലുമുൾപ്പടെ പഠനത്തിന്റെ ഭാഗമായുള്ള സേവനം കഴിഞ്ഞു തിരികെ ഹോസ്റ്റലിൽ എത്തുമ്പോൾ സമയ കൃത്യത പാലിക്കാൻ സാധിക്കാത്തത് മൂലം ഹോസ്റ്റലിൽ പ്രവേശിക്കുന്നതിൽ വിദ്യാർത്ഥിനികൾ പലവിധ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. മുൻവർഷങ്ങളിലും വിദ്യാർത്ഥിനികൾ രാത്രികാല സരമുൾപ്പടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.