തെളിനീരൊഴുകും നവകേരളം കാമ്പയിന് കോട്ടയം ജില്ലയിൽ തുടക്കം: മഴക്കാല പൂർവ ശുചീകരണം ഫലപ്രദമായി നിർവഹിക്കണം; മന്ത്രി വി.എൻ. വാസവൻ.


കോട്ടയം: മഴക്കാലത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യം ഇല്ലാതാക്കുന്നതിന് സംഘടിപ്പിക്കുന്ന ആരോഗ്യ ജാഗ്രതാ പദ്ധതിയുടെ ഭാഗമായ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ  ചിട്ടയായും ഫലപ്രദമായും നടപ്പാക്കണമെന്ന് സഹകരണ- രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സമ്പൂർണ ജലശുചിത്വ യജ്ഞം, ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം എന്നീ കാമ്പയിനുകളുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

പരിസര ശുചിത്വം ഉറപ്പുവരുത്തിയുള്ള രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ വർധിച്ച ജനപങ്കാളിത്തം ഉറപ്പുവരുത്തണം. നിയമം കൊണ്ടു മാത്രം നാടിനെ മാലിന്യങ്ങളിൽ നിന്ന്  രക്ഷിക്കാൻ സാധിക്കില്ല. ശുചിത്വ ബോധം ജനങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാകും വിധം ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ ലോഗോ, നവകേരളം മാർഗ്ഗരേഖ എന്നിവയുടെ  പ്രകാശനവും കളക്ടർ നിർവഹിച്ചു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറിയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ബൈജു ജോൺ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റും തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റുമായ അജയൻ കെ. മേനോൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പി.ഡി. അരുൺ എന്നിവർ പ്രസംഗിച്ചു.  'ആരോഗ്യരക്ഷയ്ക്ക് മാലിന്യ മുക്തകേരളം പദ്ധതി' ,ആരോഗ്യ ജാഗ്രത സംഘാടനവും ചുമതലയും, തെളിനീരൊഴുകും നവകേരളം എന്നീ വിഷയങ്ങളിൽ  ക്ലാസ് നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബെവിൻ ജോൺ വർഗീസ്,   ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്റർ പി. രമേശ് എന്നിവർ ക്ലാസെടുത്തു. ജനപങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഹരിത കേരളം മിഷനും ശുചിത്വ മിഷനും അനുബന്ധ വകുപ്പുകളും എജൻസികളും ചേർന്നാണ് പരിപാടി നടത്തുന്നത്.

കാമ്പയിൻ ഇങ്ങനെ:

ജില്ലയിലെ എല്ലാ ജലസ്രോതസുകളെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനും വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിർത്തുന്നതിനുമാണ് കാമ്പയിൻ. ജലസ്രോതസുകളിലേക്കുളള മാലിന്യ നിക്ഷേപം ഇല്ലാതാക്കി ജലശുചിത്വത്തിൽ സുസ്ഥിരത കൈവരിക്കുകയാണ് ലക്ഷ്യം. ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും പരിധിയിലെ ജല സ്രോതസുകളിലെ മലിനീകരിക്കപ്പെട്ട ഇടങ്ങൾ കണ്ടെത്തുക, മലിനീകാരികളായ ഉറവിടങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക, ജനകീയ പങ്കാളിത്തത്തോടെ മലിനീകാരികളായ ഉറവിടങ്ങളെ നീക്കം ചെയ്ത് ശാസ്ത്രീയ ദ്രവമാലിന്യ സംസ്‌ക്കരണ പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുക, ജലസ്രോതസുകളുടെ വൃത്തിയും ശുചിത്വവും നിലനിർത്തുക,  പാഴ്‌വസ്തു ശേഖരണം കാര്യക്ഷമമാക്കിയും ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ ഒരുക്കി ജലസ്രോതസുകളിലേക്ക് മാലിന്യം എത്തുന്നത് തടയുക, ജലസ്രോതസുകളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കുക, തീവ്ര വിവരവിജ്ഞാന വ്യാപന മാർഗങ്ങളിലൂടെ   'ജലസ്രോതസുകൾ നമ്മുടേതാണ് അത് മാലിന്യ മുക്തമാക്കി സംരക്ഷിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണ്' എന്ന സന്ദേശം പൊതുജനങ്ങളിലെത്തിക്കുക എന്നിവയാണ് കാമ്പയിൻ പ്രവർത്തനങ്ങൾ.