പള്ളിക്കത്തോട്: കൃഷി വകുപ്പിന്റെ ജൈവ കാർഷിക മണ്ഡലം അവാർഡ് നിർണയത്തിൽ കോട്ടയം ജില്ലയിലെ രണ്ടാമത്തെ മികച്ച ജൈവ കാർഷിക പഞ്ചായത്തായി പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടു.
ജൈവകൃഷി വികസനത്തിനായി നടപ്പാക്കിയ പദ്ധതികൾ, കൈവരിച്ച നേട്ടങ്ങൾ, ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ, ഉത്പാദന മേഖലയ്ക്ക് നീക്കിവച്ച പദ്ധതി വിഹിതം, ജൈവ ഉത്പാദന ഉപാധികളുടെയും ജൈവവളങ്ങളുടെയും വിതരണം, ജൈവ കൃഷി സെമിനാറുകൾ, പരിശീലനങ്ങൾ, തേനീച്ച വളർത്തൽ പ്രോത്സാഹന പദ്ധതികൾ എന്നിവ പരിഗണിച്ചാണ് അവാർഡ്. മഞ്ഞൾ കൃഷിയിൽ സ്വയംപര്യാപ്തമാകുന്നതിന് ഒരു തൊടിയിൽ ഒരു തടം മഞ്ഞൾ പദ്ധതി നടപ്പാക്കി. 2360 കിലോ മഞ്ഞൾ വിത്താണ് നടുന്നതിനായി സൗജന്യമായി നൽകിയത്.
തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് ഹോർട്ടിക്കോർപ്പിന്റെ സഹായത്തോടെ വനിതകൾക്ക് 40 ചെറുതേനീച്ചക്കൂടുകളും പൊതുവിഭാഗത്തിൽ 50 വൻ തേനീച്ചക്കൂടുകളും നൽകി. 20 ഹെക്ടറിൽ വാഴകൃഷി, 30 ഹെക്ടറിൽ കിഴങ്ങുവർഗ്ഗ വിളകൾ, അഞ്ച് ഹെക്ടറിൽ റബൂട്ടാൻ, പപ്പായ, മാംഗോസ്റ്റിൻ എന്നിവയും ഒരു ഹെക്ടറിൽ പച്ചക്കറി കൃഷിയും ചെയ്യാൻ സാധിച്ചതായി കൃഷി ഓഫീസർ പ്രവീൺ ജോൺ പറഞ്ഞു.
പദ്ധതി ഗുണഭോക്താക്കൾക്കായി പ്രത്യേക പരിശീലനവും സംഘടിപ്പിച്ചു. ആറു ലക്ഷം രൂപയാണ് കാർഷിക പദ്ധതികൾക്കായി ഈ വർഷം പഞ്ചായത്ത് ചെലവഴിച്ചത്. അവാർഡായി ലഭിച്ച രണ്ടു ലക്ഷം രൂപ ജൈവകൃഷി വ്യാപന പദ്ധതികൾക്കായി വിനിയോഗിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ ഗിരീഷ് പറഞ്ഞു.