കോട്ടയം: ഉക്രൈനിലെ യുദ്ധ ഭീകരമായ അന്തരീക്ഷത്തിൽ നിന്നും ഓപ്പറേഷൻ ഗംഗയിലൂടെ ഇന്ത്യയിലേക്ക് തിരികെയെത്തിയവരിൽ 3 കോട്ടയം സ്വദേശിനികളായ വിദ്യാർത്ഥിനികളും. നീണ്ട മണിക്കൂറുകളിൽ യുദ്ധഭീതിക്കൊടുവിലാണ് ത്രിവർണ്ണ പതാകയുടെ കരുതലിൽ മാതൃരാജ്യത്തിന്റെ സുരക്ഷയിലേക്ക് ഇവർ മടങ്ങിയെത്തിയത്.
മലയാളികളടക്കം ഇന്ത്യക്കാരെ പ്രത്യേക വിമാനത്തിലാണ് ഇവർ ഇന്ത്യയിലെത്തിയത്. തുടർന്ന് ഇവരെ നെടുമ്പാശ്ശേരിയിൽ എത്തിക്കുകയായിരുന്നു. കോട്ടയം പുതുപ്പള്ളി അഞ്ചേരി നിരവത്ത് റവ.ഡോ.തോമസ് കുര്യൻ-ജിസിമോൾ ദമ്പതികളുടെ മകൾ ഗ്രീഷ്മ റേച്ചൽ തോമസ്, പുതുവേലി വടക്കേക്കരയിൽ ഐസക്ക് വി പോൾ-സിബി ദമ്പതികളുടെ മകൾ ആഞ്ചല മരിയ ഐസക്ക്,വൈക്കം കുലശേഖരമംഗലം കൊടുപ്പാടം മാപ്പിളത്തറഷാജി-വിജി ദമ്പതികളുടെ മകൾ ശ്രീകൃഷ്‌ണ ഷാജി എന്നിവരാണ് ഭീതിയുടെ നീണ്ട മണിക്കൂറുകൾക്കൊടുവിൽ നാട്ടിൽ തിരികെ എത്തിയത്.
ബുക്കോവിനിയൻ സ്റ്റേറ്റ് ഓഫ് മെഡിക്കൽ സർവ്വകലാശാലയിലെ എംബിബിഎസ് വിദ്യാര്ഥിനികളാണ് മൂവരും. 24 നാണു ഇവരുടെ മേഖലയിൽ യുദ്ധം ആരംഭിക്കുന്നത്. ആദ്യ ദിവസങ്ങളിൽ ഇവർ താമസിക്കുന്ന ചേർണിവിറ്റ്സി നഗരത്തെ യുദ്ധം കാര്യമായി ബാധിച്ചിരുന്നില്ല എന്ന് ഗ്രീഷ്മ റേച്ചൽ തോമസ് പറഞ്ഞു. റുമാനിയ അതിർത്തിയിലേക്ക് വാഹനത്തിൽ ഇന്ത്യൻ പതാക കെട്ടി പോലീസ് അകമ്പടിയോടെയാണ് എത്തിയത് എന്ന് ഗ്രീഷ്മ റേച്ചൽ തോമസ് പറയുന്നു. ഇവിടെ നിന്നും പരിശോധനകൾക്ക് ശേഷമാണ് വിമാനത്താവളത്തിൽ എത്തിയതും തുടർന്ന് മുബൈയിലേക്ക് എത്തിയതും. പിന്നീട് കേരളാ ഹൗസിൽ തങ്ങിയ ശേഷം പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തുകയായിരുന്നു. ഭക്ഷണവും വെള്ളവും ആവശ്യത്തിന് ലഭിച്ചിരുന്നതായി വിദ്യാർത്ഥിനികൾ പറയുന്നു. നിരവധിപ്പേരാണ് വിവിധ സ്ഥലങ്ങളിലായി നാട്ടിലെത്താനാകാതെ യുദ്ധഭീകരമായ അന്തരീക്ഷത്തിൽ ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്നത്. യുദ്ധം ആരംഭിക്കുന്നതിനു മുൻപ് തന്നെ മറ്റു രാജ്യങ്ങളിലെ വിദ്യാർത്ഥികൾ മടങ്ങിപ്പോയിരുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അറിയിപ്പ് ലഭിച്ചപ്പോഴേക്കും യുദ്ധം ആരംഭിച്ചിരുന്നതായും ഇവർ പറയുന്നു. യുദ്ധം നീണ്ടു നിൽക്കുന്നതും വിദ്യാർത്ഥികളിൽ പഠന ആശങ്ക വർധിപ്പിക്കുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു.