കോട്ടയം: കോട്ടയം സിഎംഎസ് കോളജ് വൈസ് പ്രിൻസിപ്പലും ഇംഗ്ലിഷ് വിഭാഗം മേധാവിയുമായ പ്രൊഫ. സിന്നി റേച്ചൽ മാത്യു (52) ന്റെ സംസ്കാരം വ്യാഴാഴ്ച്ച. ഹൃദയാഘാതത്തെത്തുടർന്നു ഞായറാഴ്ച്ച വൈകിട്ടാണ് സിന്നി റേച്ചൽ മാത്യുവിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. 27 വർഷമായി കോട്ടയം സിഎംഎസ് കോളേജിൽ അധ്യാപികയായി സേവനമനുഷ്ഠിക്കുകയായിരുന്നു കോട്ടയം മുട്ടമ്പലം വൈകത്തേട്ട് സിന്നി റേച്ചൽ മാത്യു. വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികളും ഒരുപാട് സ്നേഹമുള്ള ഓർമ്മകൾ സമ്മാനിച്ചാണ് പ്രൊഫ. സിന്നി റേച്ചൽ മാത്യു മടങ്ങുന്നത്.1995 ലാണ് പ്രൊഫ. സിന്നി റേച്ചൽ മാത്യു ഇംഗ്ലീഷ് അധ്യാപികയായി സിഎംഎസ് കോളേജിൽ എത്തുന്നത്.2017 ലാണ് ഇംഗ്ലീഷ് വിഭാഗം മേധാവിയാകുന്നത്.
വെള്ളിയാഴ്ചയും കോളേജിൽ എത്തി സ്റ്റാഫ് മീറ്റിങ്ങിലും പങ്കെടുത്ത ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. മൃതദേഹം വ്യാഴാഴ്ച രാവിലെ 8:30 മുതൽ 10 മണി വരെ കോട്ടയം സിഎംഎസ് കോളേജിൽ പൊതുദർശനത്തിനു വയ്ക്കും. 10 മണി മുതൽ 2:30 വരെ കഞ്ഞിക്കുഴി മുട്ടമ്പലം ദേവലോകം റോഡിന് സമീപമുള്ള ഭവനത്തിൽ പൊതുദർശനത്തിനു വയ്ക്കും. ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3:30 ന് കോട്ടയം കലക്ട്രേറ്റിന് സമീപമുള്ള സെന്റ് ലാസറസ്സ് പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. ഭർത്താവ് അനു ജേക്കബ് (ന്യൂ ഇന്ത്യ ഇൻഷുറൻസ് കോട്ടയം),മകൻ നിഖിൽ ജേക്കബ് സക്കറിയ(കാനഡ).