കോട്ടയം: സംയുകത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന 48 മണിക്കൂർ ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പണിമുടക്കിൽ ജനം വലയുന്ന അവസ്ഥയാണ് വിവിധ മേഖലകളിൽ നിന്നും കാണാൻ കഴിയുന്നത്. എന്നാൽ പൊതുഗതാഗതമില്ലാത്തതിനാൽ പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ് നിരത്തുകൾ.
കെ.എസ്.ആർ.ടി.സി ഇന്നും സർവ്വീസ് നടത്തുന്നില്ല. ഓട്ടോ-ടാക്സി വാഹനങ്ങളും ഇതുവരെ നിരത്തിലിറങ്ങിയിട്ടില്ല. അതേസമയം പണിമുടക്കിൽ പങ്കെടുക്കാതെ ജോലിക്ക് ഹാജരാകാൻ സർക്കാർ ജീവനക്കാർക്ക് നിർദേശം നൽകി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നായിരുന്നു നടപടി. ജോലിക്ക് ഹാജരാകാത്തവർക്കെതിരെ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കാർ പ്രഖ്യാപിച്ച ഡയസ്‌നോൺ തൊഴിലാളി യൂണിയനുകൾ തള്ളുകയാണുണ്ടായത്.
ഇന്നും പണിമുടക്കിൽ പങ്കെടുക്കുമെന്നും മുൻകൂർ നോടീസ് നൽകി നടത്തപ്പെടുന്ന പണിമുടക്കിൽ ഡയസ്‌നോൺ ബാധകമല്ല എന്നും തൊഴിലാളി യൂണിയനുകൾ പറയുന്നു. അതേസമയം പണിമുടക്കിന് ആഹ്വനം നൽകിയ ജീവനക്കാർ തന്നെ ജോലിക്ക് ഹാജരാക്കുമ്പോൾ കടകൾ തുറക്കാതിരിക്കുന്നത് എന്തിനെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ചോദിക്കുന്നത്. സംസ്ഥാനത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു. ജില്ലയിൽ ഇന്നും വിവിധയിടങ്ങളിൽ പെട്രോൾ പമ്പുകൾ അടഞ്ഞു കിടക്കുകയാണ്.