അവധി ദിവസവും പണിമുടക്കും: നാളെ മുതൽ 4 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല, പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് എസ്‌ബിഐ.


കോട്ടയം: ദേശീയ പണിമുടക്കും അവധി ദിവസവുമുൾപ്പടെ ബാങ്കുകൾ നാളെ മുതൽ 4 ദിവസം പ്രവർത്തിക്കില്ല. നാളെ നാലാം ശനിയാഴ്ചയും തുടർന്ന് ഞായറാഴ്ചയും തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ 48 മണിക്കൂർ ദേശീയ പണിമുടക്കുമാണ്. ഇക്കാരണത്താൽ വരുന്ന 4 ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല.

ഇന്ന് ബാങ്ക് ഇടപാടുകൾ നടത്തിയതിനു ശേഷം ഇനി 30,31 തീയതികളിൽ മാത്രമാകും ബാങ്കുകൾ തുറന്നു പ്രവർത്തിക്കുക. അതേസമയം പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് എസ്‌ബിഐ അറിയിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളിൽ 3 എണ്ണം പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഓൾ ഇന്ത്യ ബാങ്ക് അസോസിയേഷൻ,ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അംഗങ്ങളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

ഇക്കാരണത്താൽ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ന്യൂ ജനറേഷൻ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യതയില്ല. 4 ദിവസം ബാങ്കുകൾ പ്രവർത്തിക്കാത്തത്തിനാൽ ഇന്ന് ജില്ലയിലെ എല്ലാ ബാങ്കുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബാങ്ക് വഴി തന്നെ പണമിടപാടും മറ്റു സാമ്പത്തിക ഇടപാടുകളും നടത്തേണ്ടവരാണ് ഇന്ന് ബാങ്കുകളിൽ എത്തിയിരിക്കുന്നത്.