കോട്ടയം: 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ സമ്പൂർണ്ണ ബജറ്റാണ് ഇന്ന് നിയമസഭയിൽ ധനമന്ത്രി അവതരിപ്പിച്ചത്. വിദ്യാഭ്യാസം,കൃഷി, വ്യവസായം, വിനോദ സഞ്ചാര മേഖല, ഗതാഗതം തുടങ്ങി നിരവധി മേഖലകളിൽ വികസന നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ബജറ്റിലെ സംസ്ഥാനമൊട്ടാകെയുള്ള വിവിധ മേഖലകളിലെ പദ്ധതി പ്രഖ്യാപനങ്ങളിൽ കോട്ടയത്തിനായി പ്രഖ്യാപിച്ച ചില പ്രധാന പ്രഖ്യാപനങ്ങൾ ഏതൊക്കെയെന്നു നോക്കാം:
*ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റങ്ങൾക്കാണ് സർക്കാർ ലക്ഷ്യമിടുന്നത്. ട്രാൻസ്‌ലേഷണൽ ലാബുകളും ഇൻകുബേഷൻ കേന്ദ്രങ്ങളും കൂടുതൽ ആരംഭിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ സർവ്വകലാശാല ക്യാമ്പസുകളിൽ ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്ററുകൾ വികസിപ്പിക്കുമെന്നു മന്ത്രി പറഞ്ഞു. ഇതിനായി കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാലയ്ക്ക് 20 കോടി രൂപ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കും.
സെന്ററിനോട് ചേർന്ന് സ്റ്റാർട്ട് അപ്പ്, ഇൻകുബേഷൻ സെന്ററുകൾ എന്നിവ സജ്ജമാക്കും. സർവ്വകലാശാല ക്യാമ്പസിൽ പുതിയ ഹ്രസ്വകാല കോഴ്‌സുകളും പി ജി കോഴ്‌സുകളും പ്രോജക്ട് മോഡിൽ ആരംഭിക്കുന്നതിനായി പ്രത്യേക പദ്ധതികൾ അനുവദിക്കും. എം ജി സർവ്വകലാശാലയിലുൾപ്പടെ മറ്റു സർവ്വകലാശാലകളിലുമായി 1500 പുതിയ ഹോസ്റ്റൽ മുറികൾ നിർമ്മിക്കും. ഇതിനായി 100 കോടി രൂപ കിഫ്‌ബി വഴി അനുവദിക്കും. കോട്ടയം ഉൾപ്പടെ കേരളത്തിലെ 14 ജില്ലകളിലുമായി കോളേജുകളിൽ ചെറിയ വ്യവസായ യൂണിറ്റുകൾ, സ്റ്റാർട്ട് അപ്പുകൾ എന്നിവ സജ്ജമാക്കുന്നതിനുള്ള പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 25 കോടി രൂപ വകയിരുത്തി.
*നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലുൾപ്പടെ എല്ലാ ജില്ലകളിലും സർക്കാർ ജില്ലാ സ്‌കിൽ പാർക്കുകൾ സജ്ജമാക്കും. ഇതിനായി കിഫ്‌ബി വഴി 350 കോടി രൂപ വകയിരുത്തി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കിൽ കോഴ്‌സുകൾ ആരംഭിക്കും. ഇതിനായി കിഫ്ബിയില് നിന്നും 140 കോടി രൂപ വകയിരുത്തും.
*റബർ മേഖല ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ റബ്ബറിന്റെ വിലയും ഉത്പ്പാദനവും ഉപഭോഗവും ഒരുപോലെ വർധിപ്പിക്കാനുള്ള നടപടികൾ ആവിഷ്കരിക്കും. റബ്ബർ സബ്‌സിഡിക്ക് 500 കോടി രൂപ വകയിരുത്തി. റബ്ബറൈസ്ഡ് റോഡുകൾ കൂടുതലായി നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കും.
പൊതുമരാമത്ത് വകുപ്പും കിഫബിയും ഏറ്റെടുക്കുന്ന റോഡ് നിർമ്മാണത്തിൽ ടാറിനൊപ്പം റബ്ബർ മിശ്രിതം കൂടി ചേർക്കുന്ന രീതി അവലംബിക്കും. ഈ പദ്ധതിയുടെ പ്രോത്സാഹനത്തിനായി 50 കോടി രൂപ മാറ്റി വെയ്ക്കും.
*നെല്ലിന്റെ താങ്ങുവില 28.20 രൂപയായി ഉയർത്തി. ഇതിനായി 50 കോടി രൂപ വകയിരുത്തി. നെൽകൃഷി വികസനത്തിനായി 76 കോടി രൂപ വിലയിരുത്തി. നാളീകേര വികസനത്തിന് 73.90 കോടി രൂപ വകയിരുത്തി.
*കോട്ടയം ഉൾപ്പടെ എല്ലാ ജില്ലകളിലും ജില്ലാതല ട്രാൻസ് ജൻഡർ ഫോറം രൂപീകരിക്കും. ട്രാൻസ് ജൻഡർ വ്യക്തികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ ക്ഷേമത്തിനായി ജില്ലാതലത്തിൽ ഒരു ഇടം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം.
*ആലപ്പുഴ-കോട്ടയം ജില്ലകളിൽ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിലേക്കായി പദ്ധതികൾ നടപ്പിലാക്കാൻ 33 കോടി രൂപ നീക്കി വെച്ചു.
*ശബരിമല മാസ്റ്റർ പ്ലാനിലെ പദ്ധതികൾക്കായി 30 കോടി രൂപ വകയിരുത്തി.
*ന്യൂസ് പ്രിന്റ് ഉത്പാദനം പുനരാംഭിക്കുന്നതിനും മേൽത്തരം പേപ്പർ ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നതുൾപ്പടെ വൈവിധ്യവത്കരണത്തിനുമായി കേരളാ പേപ്പർ പ്രോഡക്ട് ലിമിറ്റഡിനായി 20 കോടി രൂപ അനുവദിച്ചു.
*ശബരിമല ഗ്രീൻ ഫീൽഡ് എയർപോർട്ട് പദ്ധതിക്കും സാങ്കേതിക സാമ്പത്തിക പഠനങ്ങളും പാരിസ്ഥിതിക ആഘാത പഠനങ്ങളും നടത്തുന്നതിനായും സാധ്യതാ പഠനത്തിനും ഡി പി ആർ തയ്യാറാക്കുന്നതിനും മറ്റു പ്രാരംഭ പ്രവർത്തനങ്ങൾക്കുമായി 2 കോടി രൂപ വകയിരുത്തി.
*ശബരിമല-അച്ചൻകോവിൽ-ആര്യങ്കാവ്-കുളത്തൂപ്പുഴ- കൊട്ടാരക്കര-പന്തളം- ചെങ്ങന്നൂർ-എരുമേലി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചു തീർത്ഥാടന ടൂറിസം സർക്യൂട്ട് ശക്തിപ്പെടുത്തും.
കോട്ടയത്തെ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് നു ഡ്രഗ്ഗ്സ് ടെസ്റ്റിങ് ലബോറട്ടറി നിർമ്മിക്കാൻ 3 കോടി രൂപ അനുവദിച്ചു.
* നവോത്ഥാന നായകനും സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേധ്യ നേതാവുമായിരുന്ന പി. കൃഷ്‌ണപിള്ളയ്ക്ക് സ്മാരകം. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ മുന്നണിപ്പോരാളികളിൽ പ്രമുഖനായിരുന്ന പി കൃഷ്‍ണപിള്ളയ്ക്ക് ജന്മനാടായ വൈക്കത്ത് പി കൃഷ്‌ണപിള്ള നവോത്ഥാന പഠന കേന്ദ്രം നിർമ്മിക്കാൻ 2 കോടി രൂപ അനുവദിച്ചു.
*വിശുദ്ധ ചാവറയച്ചന്റെ സ്മരണാർത്ഥം മാന്നാനത്തുള്ള ചാവറ സാംസ്കാരിക ഗവേഷണ കേന്ദ്രത്തിനു 1 കോടി രൂപ അനുവദിച്ചു.
*എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം ഉൾപ്പടെ എല്ലാ ജില്ലകളിലും ഒരു കൗൺസലിംഗ് കേന്ദ്രവും 2 ഡീ-അഡിക്ഷൻ കേന്ദ്രങ്ങളും തുടങ്ങും.