കോട്ടയം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റിൽ ശബരിമല ഗ്രീൻ ഫീൽഡ് എയർപോർട്ട് പദ്ധതിയുടെ പഠന-പ്രാരംഭ പ്രവർത്തനങ്ങൾക്ക് 2 കോടി രൂപ വകയിരുത്തിയാതായി ധനമത്രി കെ എൻ ബാലഗോപാൽ നിയമസഭയിലെ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.
ശബരിമല ഗ്രീൻ ഫീൽഡ് എയർപോർട്ട് പദ്ധതിക്കും സാങ്കേതിക സാമ്പത്തിക പഠനങ്ങളും പാരിസ്ഥിതിക ആഘാത പഠനങ്ങളും നടത്തുന്നതിനായും സാധ്യതാ പഠനത്തിനും ഡി പി ആർ തയ്യാറാക്കുന്നതിനും മറ്റു പ്രാരംഭ പ്രവർത്തനങ്ങൾക്കുമായാണ് 2 കോടി രൂപ വകയിരുത്തിയിരിക്കുന്നത്.
ശബരിമല മാസ്റ്റർ പ്ലാനിലെ പദ്ധതികൾക്കായി 30 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ശബരിമല-അച്ചൻകോവിൽ-ആര്യങ്കാവ്-കുളത്തൂപ്പുഴ- കൊട്ടാരക്കര-പന്തളം- ചെങ്ങന്നൂർ-എരുമേലി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചു തീർത്ഥാടന ടൂറിസം സർക്യൂട്ട് ശക്തിപ്പെടുത്തും എന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.