സിൽവർ ലൈൻ പ്രതിഷേധം: കോട്ടയം നട്ടാശ്ശേരിയിൽ ഇന്ന് രാവിലെ സ്ഥാപിച്ച 12 സർവേ കല്ലുകളും പിഴുതെടുത്ത് നാട്ടുകാർ വാഹനത്തിൽ തിരികെയിട്ടു, സ്ഥലത്ത് വൻ പോലീസ്


കോട്ടയം: കോട്ടയം നട്ടാശ്ശേരിയിൽ സിൽവർ ലൈനിനെതിരെ ശക്തമായി പ്രതിഷേധിച്ച് വീണ്ടും നാട്ടുകാർ രംഗത്ത്. കഴിഞ്ഞ ദിവസം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നിർത്തി വെച്ചിരുന്ന സർവ്വേ നടപടികൾ ഇന്ന് രാവിലെ വീണ്ടും ആരംഭിക്കുകയായിരുന്നു.

നട്ടാശ്ശേരി കുഴിയലിപ്പടിയിൽ ഇന്ന് രാവിലെ ഉദ്യോഗസ്ഥരെത്തി 3 സ്ഥലങ്ങളിലായി സ്ഥാപിച്ച 12 സർവ്വേ കല്ലുകളും നാട്ടുകാർ പിഴുതെടുത്ത് വാഹനത്തിൽ തിരികെയിട്ടു. സഥലത്ത് നാട്ടുകാർ ശക്തമായി പ്രതിഷേധിക്കുന്നതിനാൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. നാട്ടുകാരും കൗൺസിലർമാരും ചേർന്നാണ് ഇന്ന് രാവിലെ സ്ഥാപിച്ച സർവ്വേ കല്ലുകൾ പിഴുതു മാറ്റിയത്. ഇന്ന് രാവിലെ സർവ്വെയ്ക്കായി എത്തിയ ഉദ്യോഗസ്ഥരോട് നാട്ടുകാർ രേഖകൾ ആവശ്യപ്പെടുകയും മതിയായ രേഖകളില്ലാതെ സർവ്വേ നടത്തി കല്ലുകൾ സ്ഥാപിക്കാൻ അനുവദിക്കില്ല എന്നും നാട്ടുകാർ പറഞ്ഞു.

സ്ഥലത്ത് നാട്ടുകാരും കെ-റെയിൽ ഉദ്യോഗസ്ഥരും തഹസില്ദാരുമായും വാക്കേറ്റമുണ്ടായി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ഇപ്പോൾ സർവ്വേ നടപടികൾ നിർത്തി വെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സർവ്വേ നടപടികൾ നിർത്തി വെച്ചിരുന്നതിനാൽ ഇന്ന് വീണ്ടും കല്ലിടുന്നതിനുമായി ഉദ്യോഗസ്ഥർ എത്തുമെന്ന് നാട്ടുകാർ കരുതിയിരുന്നില്ല.

ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 3 ദിവസങ്ങളായി കുഴിയലിപ്പടിയിൽ സംഘർഷം നിലനിൽക്കുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ജനവാസ മേഖലയിലാണ് ഇന്ന് രാവിലെ ഉദ്യോഗസ്ഥ സംഘം കല്ലിടുന്നതിനായി എത്തിയത്.