മണിമല: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 100 ശതമാനം ചെലവഴിച്ച് മണിമല ഗ്രാമപഞ്ചായത്ത് കോട്ടയം ജില്ലയിൽ ഒന്നാമത്. ഗ്രാമപഞ്ചായത്തിന് അനുവദിക്കപ്പെട്ട പദ്ധതി വിഹിതം 100 ശതമാനം ചെലവഴിച്ച് മണിമല ഗ്രാമപഞ്ചായത്ത് കോട്ടയം ജില്ലയിൽ ഒന്നാമതെത്തിയിരിക്കുന്നത് മണിമലയെ സംബന്ധിച്ചിടത്തോളം ചരിത്രനേട്ടമാണ് എന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം100 ശതമാനം ചെലവഴിച്ച കാര്യത്തിൽ കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനം മണിമല പഞ്ചായത്തിനു ലഭിച്ചതിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺനെ സർക്കാർ ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎൽഎ യുമായ ഡോ.എൻ ജയരാജ് പൊന്നാട അണിയിച്ചു ആദരിച്ചു.
ഇപ്പോഴത്തെ ഭരണസമിതി ചുമതല ഏറ്റതിനുശേഷം മഹാമാരിയും പ്രളയവുമെല്ലാം പലപ്പോഴായി പ്രവർത്തനങ്ങളിൽ വഴി മുടക്കിയെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്ന് മണിമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കോവിഡ് വ്യാപനത്തിൽ പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥരിൽ പലരും കോവിഡ് രോഗബാധിതരായി അവധിയിൽ പ്രവേശിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വളരെ ഊർജ്ജസ്വലമായ മുന്നേറ്റമാണ് നടത്തിയത് എന്നും നിർവ്വഹണ ഉദ്യോഗസ്ഥരിൽ ഡോ. ജ്യോതിസ് (വെറ്റിനറി ഡോക്ടർ), എം.പി.ശോഭനകുമാരി (ഐ.സി.ഡി.എസ് സൂപ്പർവൈസർ), സിമി ഇബ്രാഹിം (കൃഷി ഓഫീസർ ), ജിസ്സാ ജോസഫ് (ഡയറി എക്സ്റ്റൻഷൻ ഓഫീസർ) ഷോളി ഫിലിപ്പ് (അസി.സെക്രട്ടറി), ഡോ.മുഹമ്മദ് ആസിഫ്(മെഡിക്കൽ ഓഫീസർ)എന്നിവർ ഫെബ്രുവരി മാസത്തിൽ തന്നെ തങ്ങളുടെ പദ്ധതികളുടെ നിർവ്വഹണം 100 ശതമാനവും പൂർത്തീകരിച്ചിരുന്നു എന്നും പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ പറഞ്ഞു.
പഞ്ചായത്തിന് സ്വന്തമായി ഒരു അസി: എഞ്ചിനീയർ പോലുമുണ്ടായിരുന്നില്ല എങ്കിലും അഡീഷണൽ ചാർജ്ജ് വഹിച്ചു കൂട്ടിക്കൽ അസി: എൻജിനീയർ കെ.ജി.അജീഷിന്റെയും ഓവർസീയർമാരായ ഷീജ, സീനാ എന്നിവരുടെയുടെയുമൊക്കെ മേൽനോട്ടത്തിൽ മണിമലയുടെ ചരിത്രത്തിൽ മുൻപ് ഒരു കാലത്തുമുണ്ടായിട്ടില്ലാത്ത വിധമുളള വികസന മുന്നേറ്റമാണ് പശ്ചാത്തല മേഖലയിൽ നേടിയെടുക്കാൻ സാധിച്ചത് എന്ന് ജെയിംസ് പി സൈമൺ പറഞ്ഞു.
കരാറുകാരെല്ലാം സമയബന്ധിതമായി പൊതുമരാമത്ത് ജോലികൾ പൂർത്തീകരിച്ചതും വാർഡ് പ്രതിനിധികളുടെ പിന്തുണകളും ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ ശ്രമഫലവുമാണ് മണിമല ഗ്രാമപഞ്ചായത്തിലെ ഈ നേട്ടത്തിന് അർഹമാക്കിയത് എന്ന് മണിമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ പറഞ്ഞു.