കോട്ടയം: സ്വകാര്യ ബസ്സ് ഉടമകളുടെ സംഘടനകൾ നടത്തുന്ന അനശ്ചിതകാല ബസ്സ് സമരം മൂന്നാം ദിവസത്തിലേക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു 24 നു ആരംഭിച്ച സ്വകാര്യ ബസ്സ് സമരം മൂന്നാം ദിവസമായ ഇന്നും തുടരുകയാണ്. സമരം തുടരുന്ന സാഹചര്യത്തിൽ ഇതുവരേയും സർക്കാർ ബസ്സ് ഉടമകളുടെ സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല.
ഈ മാസം 30 നു നടക്കുന്ന എൽഡിഎഫ് യോഗത്തിനു ശേഷം മാത്രമായിരിക്കും ബസ്സ് ചാർജ് വര്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുക എന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം സ്വകാര്യ ബസ്സ് സമരത്തിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി യുടെ വരുമാനത്തിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശരാശരി പ്രതിദിന വരുമാനം 5 കോടിയിൽ നിന്നും വ്യാഴാഴ്ച 6.17 കോടി രൂപയും വെള്ളിയാഴ്ച്ച 6.78 കോടി രൂപയുമായി വർധിച്ചു.
നിരക്ക് വർധനവിൽ തീരുമാനമാകാതെ സമരം പിൻവലിക്കില്ല എന്ന നിലപാടിലാണ് ബസുടമകളുടെ സംഘടനകൾ. ജനങ്ങളെ മുൾമുനയിൽ നിർത്തി ആവശ്യങ്ങൾ സാധിക്കാമെന്ന ധാരണ വേണ്ട എന്നാണു കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി പറഞ്ഞത്. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാ നിരക്ക് മിനിമം ചാർജിന്റെ പകുതിയാക്കി ഉയർത്തുക, കോവിഡ് കാലത്തെ ടാക്സ് ഒഴിവാക്കി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം. കെ.എസ്.ആർ.ടി.സി അധിക സർവ്വീസുകൾ നടത്തുന്നുണ്ടെങ്കിലും മലയോര മേഖലകളിലേക്കും സ്വകാര്യ ബസ്സുകൾ കൂടുതലായി സർവ്വീസ് നടത്തിയിരുന്ന മേഖലകളിലും സർവ്വീസ് കുറവാണ്. സമരം നീണ്ടുപോകുന്നതോടെ ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്.