കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് 49.94 കോടിയുടെ ബജറ്റ്: മുണ്ടക്കയം ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ സൗജന്യ ഡയാലിസിസ് യൂണിറ്റിന് ഒരുകോടി.


കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് 2022 -23 സാമ്പത്തിക വര്‍ഷത്തില്‍ 49.94 കോടി രൂപ വരവും പദ്ധതി വര്‍ഷത്തില്‍ 49, 9421500 രൂപ ചെലവും 44892 രൂപ നീക്കി ബാക്കിയുമുള്ള മിച്ച ബജറ്റ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സാജന്‍ കുന്നത്ത് അവതരിപ്പിച്ചു. സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. സാമ്പത്തിക ബാധ്യത മൂലം കഷ്ടത അനുഭവിക്കുന്ന നിര്‍ധനരായ കിഡ്‌നി രോഗികള്‍ക്ക് ആശ്വാസമായി മുണ്ടക്കയം ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ സൗജന്യ ഡയാലിസിസ് അവസരം ഒരുക്കാന്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഡയാലിസിസ് സെന്റര്‍ എന്ന പേരില്‍ ഡയാലിസിസ് യൂണിറ്റ് ഒരു കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കും. കൂടാതെ ഡയാലിസിസ് ചെയുന്ന നിര്‍ധന രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് കിറ്റ് നല്‍കാന്‍ 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിലെ നിയന്ത്രണത്തിലുള്ള മുണ്ടക്കയം എരുമേലി കൂട്ടിക്കല്‍ ഹോസ്പിറ്റലുകളില്‍ സി. സി. ടി. വി ക്യാമറകള്‍ സ്ഥാപിക്കുന്നതിനും എരുമേലി ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് ബ്ലോക്ക് ഓഫീസ് കെട്ടിടത്തില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച വൈദ്യുതി ലാഭകരമാക്കാന്‍ 20 ലക്ഷം രൂപ വകയിരുത്തി. ബ്ലോക്ക് പരിധിയില്‍ രോഗ ബാധ മൂലം ക്ലേശം അനുഭവിക്കുന്ന രോഗികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ പാലിയേറ്റീവ് കെയര്‍ വിഹിതമായി ഗ്രാമപഞ്ചായത്തുകള്‍ക്ക് 8.77 ലക്ഷം രൂപയും, സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ പദ്ധതിക്കായി 10 ലക്ഷം രൂപയും വകയിരുത്തി. ബ്ലോക്ക് പരിധിയിലുള്ള ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നതിന് ആധുനിക ടോയ്ലറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഏഴ് ലക്ഷം ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് എട്ട് ലക്ഷം രൂപയും ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിനും കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും 16 ലക്ഷം രൂപയും നീക്കിവെച്ചു. വിദ്യാര്‍ഥികള്‍ക്ക് പഠന മുറി നിര്‍മിക്കുന്നതിന് നടപ്പുവര്‍ഷത്തില്‍ രണ്ടു ലക്ഷം രൂപ ധനസഹായവും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ കുട്ടികള്‍ക്ക് ആറ് ലക്ഷം രൂപയും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 14 ലക്ഷം രൂപയും നീക്കിവെച്ചു. കാര്‍ഷിക മേഖലയ്ക്കായി 74.50 ലക്ഷം രൂപയും, മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ പ്ലാന്റ് സ്ഥാപിക്കുന്നതിന് 28 ലക്ഷം രൂപയും വകയിരുത്തി. ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഭവന നിര്‍മാണത്തിനായി ലൈഫ് പദ്ധതി വിഹിതമായി ബ്ലോക്ക് പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി 11.86 ലക്ഷം രൂപയും വകയിരുത്തി. ബ്ലോക്കിലെ ഏഴ് പഞ്ചായത്ത് പരിധിയില്‍ ഹൈടെക് അംഗന്‍വാടികള്‍ സ്ഥാപിക്കാനും തുക വകയിരുത്തി. കൂടാതെ കോഴി കൂട്, ഫാം പോണ്ട്, തീറ്റപ്പുല്‍കൃഷി, അസോള ടാങ്ക് നിര്‍മാണം, ക്ഷീരകര്‍ഷക മേഖല എന്നിവയ്ക്കും തുക മാറ്റിവച്ചിട്ടുണ്ട്. ബജറ്റ് അവതരണ സമ്മേളനത്തില്‍ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട് വൈസ് പ്രസിഡന്റ് സിന്ധു മോഹന്‍, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍. തങ്കപ്പന്‍, വൈസ് പ്രസിഡന്റ് റോസമ്മ പുളിക്കല്‍, മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി. സൈമണ്‍, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. എസ്. കൃഷ്ണകുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിമല ജോസഫ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഞ്ജലി ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആയ ജോളി മടുക്കക്കുഴി, ഷക്കീല നസീര്‍, പി. കെ. പ്രദീപ്, ജൂബി അഷറഫ്, ജയശ്രീ ഗോപിദാസ്, കെ. എസ്. എമേഴ്‌സണ്‍, മാഗി ജോസഫ്, രത്‌നമ്മ രവീന്ദ്രന്‍, ബി. ഡി. ഒ. ഫൈസല്‍ എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.