റബറില്‍ ആദായം കുറഞ്ഞു: റീനയുടെ പശു ഫാമില്‍ ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങി, എരുമേലിയിൽ നിന്നും ഒരു വനിതാ വിജയ ഗാഥ.


എരുമേലി: റീനയുടെ പശുഫാമില്‍ ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുകയാണ്. സ്വന്തം പുരയിടത്തിലെ റബറില്‍ നിന്നുമുള്ള ആദായം കുറഞ്ഞു തുടങ്ങിപ്പോഴാണ് മറ്റു കൃഷി രീതികള്‍ പരീക്ഷിക്കാന്‍ റീന തീരുമാനിച്ചത്. ആദ്യം ഭര്‍ത്താവിന് ഒരുസഹായം ആകുമെന്നു കരുതി ഒരു പശുവിനെ വാങ്ങി. ഇപ്പോള്‍ 26 പശുക്കളുള്ള ഫാമാക്കി മാറ്റുന്നതില്‍ റീനയുടെ അധ്വാനം കുറച്ചൊന്നുമല്ലായിരുന്നു.

 

ദിവസേന 70 ലിറ്ററോളം പാല്‍ മില്‍മയില്‍ നല്‍കുന്നു. പശുവളര്‍ത്തലില്‍ വിജയം കണ്ടു തുടങ്ങിയപ്പോള്‍ ആട്, കോഴി, താറാവ്, മീന്‍, പന്നി എന്നിവയെയും വളര്‍ത്താന്‍ തുടങ്ങുകയായിരുന്നു. വീട്ടുമുറ്റം നിറയെ ഇപ്പോള്‍ ഇവയെല്ലാം ആദായം നേടി തരുകയാണ്. ഏകദേശം ഒരു ലക്ഷത്തോളം രൂപ മാസവരുമാനം ലഭിക്കുന്നതായും റീന പറയുന്നു. പശുക്കള്‍ക്ക് പുറമെ കോഴികളും, താറാവുകളും, പന്നി വളർത്തലും മീനുകളുമുണ്ട്. വിവിധയിനങ്ങളിലുള്ള സുന്ദരി പശുക്കള്‍ ഫാമില്‍ നില്‍ക്കുകയാണ്. മുക്കൂട്ടുതറ പാണപിലാവ് നടൂക്കുന്നേല്‍ സിബിയുടെ ഭാര്യയാണ് റീന.

 

സ്വന്തമായുള്ള മൂന്നേക്കറില്‍ റബര്‍ ടാപ്പിങുമായി സിബി തിരക്കിലാകുമ്പോള്‍ പശുക്കളെ പരിപാലിക്കുന്നതിനുള്ള തിരക്കിലാണ് റീന. മൂന്നു വര്‍ഷം മുന്‍പാണ് പശുവളര്‍ത്തലിലേയ്ക്ക് തിരിഞ്ഞത്. ബി.എ. ഫസ്റ്റ്ക്ലാസോടെ പാസായ റീന എങ്ങനെയാണ് പശുവളര്‍ത്തലിലേയ്ക്ക് തിരിഞ്ഞതെന്ന് ഏവര്‍ക്കും അത്ഭുതമാണ്. മൃഗസംരക്ഷണത്തിലൂടെ മികച്ച വരുമാനമുണ്ടാക്കുന്ന റീന മറ്റുള്ളവര്‍ക്ക് മാതൃകയും പ്രചോദനവുമാണ്. ഇതു കൂടാതെ പുരയിടത്തില്‍ തേനീച്ച വളര്‍ത്തലുമുണ്ട്. കൃഷി വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹായം ലഭിക്കുന്നത് വലിയ പ്രോത്സാഹനമാണെന്ന് റീന പറയുന്നു.

കഴിഞ്ഞ തവണ കൃഷിഭവനില്‍ നിന്നും മികച്ച കര്‍ഷകയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്നു നല്‍കുന്നത് റീനയുടെ ഫാമില്‍ നിന്നുമാണ്. അധ്വാനിക്കാനിറങ്ങിയാല്‍ വീട്ടിലിരുന്നു തന്നെ വരുമാനം നേടാമെന്ന് റീന തന്റെ ജീവിതത്തിലൂടെ തന്നെ കാണിച്ചു തരികയാണ്. ഭര്‍ത്താവ് സിബിയും ഭര്‍തൃമാതാവ് മേരിക്കുട്ടിയും മക്കളായ ഏയ്ഞ്ചലോയും, ആല്‍ബിനും സഹായത്തിന് ഒപ്പമുണ്ട്.

ഭര്‍ത്താവ് സിബി ടാപ്പിങിനു പുറമെ കാലിത്തീറ്റയുടെ ഡീലര്‍ കൂടിയാണ്. മക്കള്‍ രണ്ടു പേരും വിദ്യാര്‍ഥികളാണ്. അയല്‍വാസിയായ കൊച്ചുമിടുക്കന്‍ അലനും ഇവരെ സഹായിക്കാനെത്തും. പശുപരിപാലനവും മറ്റും റീന തന്നെയാണ് കൂടുതലും ചെയ്യുന്നത്. അതിരാവിലെ എഴുന്നേറ്റ് പശുഫാമിലേയ്ക്ക് പോകും. പാല്‍ കറന്ന് സൊസൈറ്റിയുടെ വാഹനത്തില്‍ കയറ്റി അയക്കുന്നതു വരെ പിന്നെ വിശ്രമമില്ല. മീന്‍ വളര്‍ത്തല്‍ പുതിയതായി ആരംഭിച്ചതാണ്. ഇതിനു പുറമെ അലങ്കാര മത്സ്യങ്ങളെയും വളര്‍ത്തുന്നു.