തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണം, ഭവനരഹിതരില്ലാത്ത ആദ്യത്തെ ജില്ലയായി കോട്ടയം മാറണം; ജില്ലാ കളക്ടർ.


കോട്ടയം: സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷൻ മൂന്നാംഘട്ടത്തിൽ മൂന്നുവർഷം കൊണ്ട് സംസ്ഥാനത്തെ 2.5 ലക്ഷം ഭൂരഹിത കുടുംബങ്ങൾക്ക് ജനപങ്കാളിത്തത്തോടെ ഭൂമി കണ്ടെത്തുന്നതിനായി നടപ്പാക്കുന്ന 'മനസ്സോടിത്തിരി മണ്ണ്' കാമ്പയിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ. കാമ്പയിനുമായി ബന്ധപ്പെട്ട് ചേർന്ന തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

 

ഭവനരഹിതരില്ലാത്ത ആദ്യത്തെ ജില്ലയായി കോട്ടയം മാറണം. അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണം. തദ്ദേശസ്ഥാപന അധ്യക്ഷരും ജനപ്രതിനിധികളും തങ്ങളുടെ പഞ്ചായത്തിലും വാർഡിലും അർഹരായ ഒരു കുടുംബംപോലും ഭൂമി ലഭിക്കാത്തതിന്റെ പേരിൽ ഭവനരഹിതരാകുന്നില്ലായെന്ന് ഉറപ്പുവരുത്തണമെന്നും കളക്ടർ പറഞ്ഞു. 

വെള്ളൂരിൽ ലൈഫിന് 65 സെന്റ് സംഭാവന നൽകി:

കാമ്പയിന്റെ ഭാഗമായി വെള്ളൂർ ഗ്രാമപഞ്ചായത്തിൽ ഡോ.ആർ.ബി. രാജലക്ഷ്മി, ആർ.ബി. ബാബു എന്നിവർ ചേർന്ന് തങ്ങളുടെ മാതാപിതാക്കളുടെ സ്മരണാർത്ഥം 65.085 സെന്റ് ഭൂമി ലൈഫ് പദ്ധതിക്കായി നൽകി.

 

ഈ ഭൂമിയിൽ മൂന്നു സെന്റ് വീതം നറുക്കെടുപ്പിലൂടെ 13 കുടുംബങ്ങൾക്കായി നൽകി. ഇവിടെ ഭവന നിർമാണം ആരംഭിച്ചു. ക്യാമ്പയിന്റെ ഭാഗമായി നൽകിയ ഭൂമിയിൽ പാർപ്പിടമുൾപ്പെടെയുള്ള ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഗുണഭോക്താക്കൾക്ക് നൽകിയശേഷം പഞ്ചായത്ത് സമിതിയുടെ അനുമതിയോടെ പ്രദേശത്തിന് 'സാരസ്വതം നഗർ' എന്ന പേരു നൽകണമെന്ന് ഡോ. രാജലക്ഷ്മി ലൈഫ് മിഷനോട് അഭ്യർഥിച്ചതായി ജില്ലാ ദാരിദ്ര്യലഘുകരണ വിഭാഗം പ്രോജക്ട് ഡയറക്ടറും ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്ററുമായ പി.എസ്. ഷിനോ പറഞ്ഞു.

നൽകാം ഭൂമി:

ലൈഫ് പട്ടിക പ്രകാരം 2017 ലെ 4696 പേരും പട്ടികജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽ നിന്നുള്ള 1068 പേരും ഉൾപ്പടെ 5764 പേരും ലൈഫ് 2020 പോർട്ടലിൽ ലഭിച്ച അപേക്ഷകളിൽ 11760 പേരുമുൾപ്പടെ 17524 കുടുംബങ്ങളാണ് ഭൂരഹിത-ഭവനരഹിതരായി ജില്ലയിൽ കണ്ടെത്തിയിരിക്കുന്നത്.

സ്വന്തമായി ഭൂമി കണ്ടെത്തിയതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി കണ്ടെത്തിയതുമായ 2200 പേർക്ക് നിലവിൽ ഭവന നിർമാണം നടന്നുവരുന്നു. ബാക്കി വരുന്ന കുടുംബങ്ങൾക്ക് ഭവന നിർമാണത്തിന് ഭൂമി കണ്ടെത്തുകയെന്ന പ്രശ്നത്തിന് അടിയന്തര പരിഹാരമായിട്ടാണ് സുമനസുകളായ പൊതുജനങ്ങൾ, വ്യാപാരി വ്യവസായികൾ, പ്രവാസികൾ, സന്നദ്ധസംഘടനകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ മുതലായവരുടെ സജീവ പങ്കാളിത്തത്തോടെ മൂന്നു സെന്റ് മുതൽ മുകളിലോട്ട് വിസ്തൃതിയുള്ള നിർമാണ യോഗ്യമായ ഭൂമിയോ ഭൂമിയുടെ വിലയോ സംഭാവനയായി, തദ്ദേശ സ്ഥാപനങ്ങൾ അംഗീകരിച്ച ലൈഫ് പട്ടികയിൽ ഉൾപ്പെട്ട ഭൂരഹിതരായ ഗുണഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കുന്നതിന് 'മനസ്സോടിത്തിരി മണ്ണ്'എന്ന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഭൂമി നൽകുന്നതിന് രജിസ്ട്രേഷൻ ഫീസും, സ്റ്റാമ്പ് ഡ്യൂട്ടിയും അടയ്ക്കേണ്ടതില്ല. സംഭാവന തദ്ദേശ സ്ഥാപനങ്ങളോ സർക്കാരോ നേരിട്ട് സ്വീകരിക്കില്ല. ഭൂമിയോ ഭൂമിയുടെ വിലയോ നൽകാൻ തയാറുള്ള സുമനസുകളെ കണ്ടെത്തുന്നതിന് ബ്ലോക്ക്, ഗ്രാമപഞ്ചായത്തുതലത്തിൽ ശില്പശാല സംഘടിപ്പിക്കും. ഭൂമി നൽകാൻ താല്പര്യമുള്ള വ്യക്തികൾക്ക് ഭൂമിസംബന്ധിച്ച രേഖകൾ മാർച്ച് 22 ന് നടത്തുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ജില്ലാ സന്ദർശനത്തിൽ മന്ത്രിക്ക് നേരിട്ടും കൈമാറാം. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഭൂമി കണ്ടെത്തുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുടേയും ജനപ്രതിനിധികളുടേയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് കളക്ടർ പറഞ്ഞു.

തങ്ങളുടെ തദ്ദേശ സ്ഥാപനത്തിൽ ലൈഫ് പട്ടികയിലെ ഭൂരഹിതരായ എത്ര കുടുംബങ്ങൾക്ക് ഭൂമിയോ, ഭൂമിയുടെ വിലയോ നൽകാൻ സാധിക്കുമെന്ന പട്ടിക തയാറാക്കണം. തോട്ടം, തണ്ണീർത്തടം, സി.ആർ.ഇസഡ്, എന്നീ പരിധികളിൽ ഉൾപ്പെട്ടവയും വ്യവഹാരങ്ങൾ നിലനിൽക്കുന്നതുമായ ഭൂമി ഒഴിവാക്കണം. വാസയോഗ്യമായ മൂന്നു സെന്റിൽ കുറയാത്ത ഭൂമിയോ, ഭൂമിയുടെ വിലയോ നൽകാൻ സന്നദ്ധരായ വ്യക്തികളുടേയും സന്നദ്ധസംഘടകളുടേയും ഭൂമി നൽകാൻ സാധ്യതയുള്ളവരുടേയും പട്ടിക തയാറാക്കി മാർച്ച് 15 നകം ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർക്ക് നൽകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.