പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത പൊതുമരാമത്ത് വകുപ്പിൻറെ റസ്റ്റ് ഹൗസുകളിലൂടെ കോട്ടയം ജില്ലയിൽ ലഭിച്ചത് 10.54 ലക്ഷം രൂപയുടെ വരുമാനം.


കോട്ടയം: പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത പൊതുമരാമത്ത് വകുപ്പിൻറെ റസ്റ്റ് ഹൗസുകളിലൂടെ കോട്ടയം ജില്ലയിൽ ലഭിച്ചത് 10.54 ലക്ഷം രൂപയുടെ വരുമാനം. കഴിഞ്ഞ നവംബർ ഒന്നു മുതലാണ് ഓൺലൈൻ ബുക്കിംഗ് നടത്തി റസ്റ്റ് ഹൗസുകളിൽ താമസിക്കുന്നതിന് പൊതുജനങ്ങൾക്ക് സൗകര്യമൊരുങ്ങിയത്.

മൂന്ന് മാസത്തിനകം ജില്ലയിലെ റസ്റ്റ് ഹൗസുകളിൽ നിന്ന് 10,54,038 രൂപ വരുമാനം നേടാനായതായി പൊതുമരാമത്ത് ബിൽഡിംഗ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അനിത മാത്യു പറഞ്ഞു. നവംബർ ഒന്നു മുതൽ ഫെബ്രുവരി 28 വരെയുള്ള കണക്കാണിത്. കോവിഡ് കാലത്തെ അപേക്ഷിച്ച് പതിൻമടങ്ങ് വർദ്ധനവാണ് ഓൺലൈൻ ബുക്കിംഗ് സൗകര്യമാരംഭിച്ചപ്പോൾ ഉണ്ടായത്. കോവിഡ് സാഹചര്യത്തിൽ സർക്കാർ റസ്റ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്ക് താമസസൗകര്യം അനുവദിച്ചിരുന്നില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമായിരുന്നു താമസസൗകര്യമുണ്ടായിരുന്നത്.

ഇതും വരുമാനം കുറയുന്നതിനിടയാക്കി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതും ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതുമാണ് വരുമാന വർദ്ധനവിന് കാരണമായത്. ഏറ്റവും കൂടുതൽ വരുമാനമുള്ളത് കോട്ടയം റസ്റ്റ് ഹൗസിനാണ്  259 ഓൺലൈൻ ബുക്കിംഗും 222 കൗണ്ടർ ബുക്കിംഗും ഉൾപ്പെടെ 481 ബുക്കിംഗുകളിൽ നിന്നായി 3,63,571 രൂപയാണ് വരുമാനം ലഭിച്ചത്. ചങ്ങനാശേരി റസ്റ്റ് ഹൗസിൽ നിന്ന് 1,14,368 രൂപയും പാലാ, അരുണാപുരം, വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്ന് 4,53,894 രൂപയും കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിൽ നിന്ന് 1,22,205 രൂപയുമാണ്  ലഭിച്ചത്.

കോട്ടയം ജില്ലയിൽ പത്ത് റസ്റ്റ് ഹൗസുകളാണുള്ളത്. ഇതിൽ   കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, അരുണാപുരം, കടുത്തുരുത്തി റസ്റ്റ് ഹൗസുകൾ ഒന്നാം ഗ്രേഡിലും പാലാ,  ഈരാറ്റുപേട്ട, എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവ രണ്ടാം ഗ്രേഡിലുമാണ് ഉൾപ്പെടുന്നത്. ഒന്നാം ഗ്രേഡിലുളള എസി ഇല്ലാത്ത ഡബിൾ മുറികൾക്ക് 600 രൂപയും എ.സി മുറികൾക്ക് 1000രൂപയും സ്യൂട്ട് റൂമിന് 1500 രൂപയും എ. സി സ്യൂട്ടിന് 2000 രൂപയുമാണ് വാടക. രണ്ടാം  ഗ്രേഡിലുളള എ.സി ഇല്ലാത്ത മുറികൾക്ക് 400 രൂപയും എസി മുറികൾക്ക് 750 രൂപയും സ്യൂട്ട് റൂമിന് 1000 രൂപയും എ.സി സ്യൂട്ടിന് 2000 രൂപയുമാണ് വാടക. 

വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാനുള്ള ഇടങ്ങളായി മാറുകയാണ് ജില്ലയിലെ റസ്റ്റ് ഹൗസുകൾ. ഓൺലൈൻ ബുക്കിംഗിന് സാധിക്കാത്തവർക്ക് ബുക്ക് അറ്റ് കൗണ്ടർ  സൗകര്യവുമുണ്ട്. 

കോട്ടയം റസ്റ്റ് ഹൗസിൽ  5.9 കോടി രൂപയുടെ പുതിയ കെട്ടിടം:

കോട്ടയം റസ്റ്റ് ഹൗസിനോട് ചേർന്ന് 16 എ. സി മുറികളും കോൺഫറൻസ് ഹാളും കാന്റീൻ ബ്ലോക്കുമുള്ള പുതിയ  മൂന്ന് നില കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചു. 5.9 കോടി രൂപ ചെലവിൽ  നിർമിച്ചിട്ടുള്ള1800 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിൻ്റെ ഫർണിഷിംഗ് ജോലികൾ പൂർത്തീകരിച്ചാലുടൻ ഉദ്ഘാടനം നടത്തി പൊതു ജനങ്ങൾക്കായി തുറന്ന് കൊടുക്കും.

നിലവിലെ കെട്ടിടത്തിൽ നാല് ബ്ലോക്കുകളിലായി 23 മുറികളാണുള്ളത്. മാനേജർ ഉൾപ്പെടെ എട്ട് ജീവനക്കാരാണ്  ജോലിയിലുള്ളത് കാഞ്ഞിരപ്പള്ളി റസ്റ്റ് ഹൗസിൽ വി.ഐ പി മുറിയും പി.ഡബ്‌ള്യൂ.ഡി മുറിയും മാത്രമുളളതിനാൽ ഓൺ ലൈൻ ബുക്കിംഗിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ല.