കാഞ്ഞിരപ്പള്ളി: സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകത്തിൽ അനുജനെയും അമ്മാവനെയും കൊലപ്പെടുത്തിയ കരിമ്പനാൽ ജോർജ് കുര്യനെ(52) ഇന്നലെ വൈകിട്ട് വീട്ടിലെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ കെ വി കുര്യന്റെയും റോസ് കുര്യന്റെയും ഇളയ മകൻ രഞ്ജു കുര്യൻ(50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം കെ ടി മാത്യു സ്കറിയ(78) എന്നിവരാണ് സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ അക്രമത്തിൽ സഹോദരന്റെ വെടിയേറ്റ് മരിച്ചത്.
എറണാകുളത്ത് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയായിരുന്ന ജോർജ് കുര്യന് കടമുണ്ടായിരുന്നതായും ഈ കടം വീട്ടാൻ കുടുംബ സ്വത്ത് വിൽക്കുന്നതിനായി ജോർജ് പദ്ധതിയിടുകയുമായിരുന്നു. എന്നാൽ കുടുംബ സ്വത്ത് വിൽക്കാൻ അനുജനും ബന്ധുക്കളും സമ്മതിച്ചില്ല എന്നും ഇക്കാര്യങ്ങൾ സംസാരിക്കാനെത്തിയ തന്നെ അനുജനും അമ്മാവനും ചേർന്ന് മർദിക്കുകയും ആക്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് വെടിവെച്ചതെന്നുമാണ് പ്രതിയുടെ മൊഴി. കുടുംബ വീടിനോടു ചേർന്നുള്ള സ്ഥലമാണ് പിതാവ് ജോർജ് കുര്യന് എഴുതി നൽകിയത്. എന്നാൽ കുടുംബ സ്വത്തിന്റെ കൂടുതൽ ഭാഗം തനിക്ക് ലഭിച്ചത് സഹോദരനും മാതൃസഹോദരനും എതിർപ്പുളവാക്കിയെന്നും ജോർജ് കുര്യൻ പോലീസിനോട് പറഞ്ഞു.
സംഭവ ദിവസത്തിനു മൂന്നു ദിവസം മുൻപ് കാഞ്ഞിരപ്പള്ളിയിൽ എത്തിയ ജോർജ് തിങ്കളാഴ്ചയാണ് വീട്ടിലെത്തി ഇക്കാര്യങ്ങൾ ഇരുവരുമായി സംസാരിച്ചത്. വീടിനോടു ചേർന്നുള്ള മുറിയിലായിരുന്നു സംസാരം. ഇതിനിടെ വാക്കേറ്റം കടുത്തപ്പോൾ അനുജനും അമ്മാവനും തന്നെ മർദിക്കുകയായിരുന്നു എന്നും ഇതേത്തുടർന്നാണ് താൻ വെടി വെച്ചതെന്നുമാണ് ജോർജ് കുര്യൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വെടിയേറ്റ സഹോദരൻ രഞ്ജു കുര്യൻ വീട്ടിൽ വെച്ചും മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം കെ ടി മാത്യു സ്കറിയ അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയുമാണ് മരിച്ചത്.
സ്വത്ത് തർക്കത്തെ തുടർന്ന് ജേഷ്ഠ സഹോദരന്റെ വെടിയേറ്റ് മരിച്ച രഞ്ജുവിന്റെ സംസ്കാരം ഇന്നും മാതൃസഹോദരന്റെ സംസ്കാരം വ്യാഴാഴ്ച്ചയുമാണ് നടക്കുക. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളിലായി സഹോദരങ്ങൾ തമ്മിൽ സംസാരങ്ങൾ നടന്നിരുന്നു. ഇരുവരും തമ്മിലുള്ള തർക്കം പറഞ്ഞു പരിഹരിക്കുന്നതിനായി എത്തിയതായിരുന്നു മാതൃ സഹോദരൻ.
കോതമംഗലം സ്വദേശിനി മലയിൽ റോഷിൻ ആണ് രഞ്ജുവിന്റെ ഭാര്യ. റോസ്മേരി,റീസാ,കുര്യൻ, റോസാൻ എന്നിവരാണ് മക്കൾ. മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം കെ ടി മാത്യു സ്കറിയയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൂട്ടിക്കൽ സെന്റ്.ജോർജ് പള്ളിയിൽ നടക്കും.