കോട്ടയം ജില്ലയിൽ ഏറ്റവും അധികം ഡോസ് കോവിഡ് വാക്സിൻ കുത്തിവയ്പ്പ് നടത്തിയ നേഴ്‌സിന് വനിതാദിനത്തിൽ ജില്ലയുടെ ആദരവ്.


കോട്ടയം: കോട്ടയം ജില്ലയിൽ ഏറ്റവും അധികം ഡോസ് കോവിഡ് വാക്സിൻ കുത്തിവയ്പ്പ് നടത്തിയ നേഴ്‌സിന് വനിതാദിനത്തിൽ ജില്ലയുടെ ആദരവ്. കോട്ടയം ജനറൽ ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായ സ്മിതയെയാണ് കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ ആദരിച്ചത്.

മുന്നൂറ്റി മുപ്പത് ദിവസം കൊണ്ട് സ്മിത 84363 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിൻ ആണ് കുത്തിവെച്ചത്. 2021 ജനുവരി മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കുത്തിവെയ്പ്പ് നടത്തിയത്. കോട്ടയം എസ് എച്ച് മെഡിക്കൽ  സെന്റർ, ബേക്കർ മെമ്മോറിയൽ സ്കൂൾ, മുട്ടമ്പലം ഗവണ്മെന്റ് സ്കൂൾ, കോട്ടയം എം ഡി സെമിനാരി സ്കൂൾ, മുട്ടമ്പലം സെന്റ്.ലാസറസ് പള്ളി ഹാൾ, കോട്ടയം  ജനറൽ ആശുപത്രി, മൗണ്ട് കാർമൽ സ്കൂൾ, ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസ്‌ തുടങ്ങിയ കേന്ദ്രങ്ങളിലാണ് സ്മിത കുത്തിവയ്പ്പ് നടത്തിയത്.

ഈ കേന്ദ്രങ്ങളിൽ ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ ആകെ  ഒന്നര ലക്ഷം വാക്‌സിൻ നൽകിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ആർ സി എച് ഓഫീസർ ഡോ. സി ജെ സിതാര,  ജില്ലാ മീഡിയ ഓഫീസർ ഡോമി ജോൺ, ജനറൽ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ലിന്റോ ലാസർ, പബ്ലിക് ഹെൽത്ത് നെഴ്സ് ശൈലജ തുടങ്ങിയവർ പങ്കെടുത്തു.