പാലാ: യുഡിഎഫിൽ സംഘാടനത്തിന്റെ കുറവുണ്ട് എന്നും മുന്നണിയിൽ ആർക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയാണ് നിലനിക്കുന്നതെന്നും പാലാ എംഎൽഎ മാണി സി കാപ്പൻ പറഞ്ഞു. യുഡിഎഫ് പരിപാടികളൊന്നും തന്നെ അറിയിക്കുന്നില്ല എന്നും മാണി സി കാപ്പൻ പറഞ്ഞു.
യുഡിഎഫിനെതിരെ തുറന്നു പറച്ചിലുകളും വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മാണി സി കാപ്പൻ. എന്നാൽ ഇക്കാര്യങ്ങൾ പരിഹരിച്ചു മുൻപോട്ട് പോകുകയാണ് വേണ്ടതെന്നും ഇക്കാരണത്താൽ മുന്നണിമാറ്റം എന്ന വിഷയം ഉദിക്കുന്നില്ല എന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിലെ പല ഘടക കക്ഷികളും സംതൃപതരല്ല എന്നും എൽഡിഎഫിൽ ഇങ്ങനെയൊരു സ്ഥിതിയില്ല എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇത്തരത്തിൽ പരാതിയുണ്ടായിരുന്നുവെങ്കിൽ നേതൃത്വത്തോടാണ് അത് ഉന്നയിക്കേണ്ടിയിരുന്നതെന്നും പരസ്യ പരാമർശം നടത്തിയത് ഉചിതമായില്ല എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തിരുവഞ്ചൂർ രാധാകൃഷ്‌ണനും പറഞ്ഞു. പ്രശനങ്ങളുണ്ടെങ്കിൽ അത് സംസാരിച്ചു പരിഹരിക്കുമെന്നും ഇരുവരും വ്യക്തമാക്കി. മാടപ്പള്ളിയിൽ കെ-റെയിൽ വിരുദ്ധ സമര പരിപാടികളിൽ യുഡിഎഫ് നേതാക്കൾ എല്ലാം പങ്കെടുത്തപ്പോൾ ഇക്കാര്യം തന്നെ അറിയിച്ചിരുന്നില്ല എന്നും മാണി സി കാപ്പൻ പറഞ്ഞു.