യുഡിഎഫ് കോട്ടയം ജില്ലാ നേതൃത്വത്തിന് തലവേദനയായി മാണി സി കാപ്പന്റെ തുറന്നു പറച്ചിലുകൾ, കാപ്പൻ നിലപാടുള്ളയാളാണെന്നും എൽഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില


കോട്ടയം: പാലാ എംഎൽഎ മാണി സി കാപ്പന്റെ യുഡിഎഫിനെതിരായ തുറന്നു പറച്ചിലുകളും വിമർശനങ്ങളും യുഡിഎഫ് കോട്ടയം ജില്ലാ നേതൃത്വത്തിന് തലവേദനയായി മാറുന്നു. കോട്ടയം ജില്ലയിൽ ഉള്ള ഒരാളെന്ന നിലയിൽ ജില്ലയിലെ പ്രധാന പരിപാടികളിലും യുഡിഎഫ് പരിപാടികളിലും തന്നെ ഉൾപ്പെടുത്താറില്ല എന്നും അറിയിക്കാറില്ല എന്നും മാണി സി കാപ്പൻ വിമർശനം ഉന്നയിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരോക്ഷമായി വിമർശിച്ചാണ് കാപ്പൻ രംഗത്ത് എത്തിയിരിക്കുന്നത്. യുഡിഎഫിൽ സംഘാടനത്തിന്റെ കുറവുണ്ട് എന്നും മുന്നണിയിൽ ആർക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയാണ് നിലനിക്കുന്നതെന്നും പാലാ എംഎൽഎ മാണി സി കാപ്പൻ പറഞ്ഞു. അതേസമയം മാണി സി കാപ്പൻ പരാതിയുണ്ടെങ്കിൽ അത് ചർച്ച ചെയ്തു പരിഹരിക്കുമെന്നും നിലപാടുള്ളയാളാണ് അദ്ദേഹമെന്നും എൽഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ല എന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ കോട്ടയത്ത് പറഞ്ഞു.

പ്രശ്നങ്ങൾ പരിഹരിച്ചു മുൻപോട്ട് പോകുകയാണ് വേണ്ടതെന്നും ഇക്കാരണത്താൽ മുന്നണിമാറ്റം എന്ന വിഷയം ഉദിക്കുന്നില്ല എന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിലെ പല ഘടക കക്ഷികളും സംതൃപതരല്ല, യുഡിഎഫിന്റെ വിവിധ പരിപാടികൾ തന്നെ അറിയിച്ചിരുന്നില്ല, ഒഴിവാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അടുത്തിടെയുണ്ടായ കെ-റെയിൽ വിരുദ്ധ സമര പരിപാടികളിൽ മാടപ്പള്ളിയിൽ യുഡിഎഫ് നേതാക്കൾ എല്ലാം പങ്കെടുത്തപ്പോൾ ഇക്കാര്യം തന്നെ അറിയിച്ചിരുന്നില്ല എന്നും മാണി സി കാപ്പൻ പറഞ്ഞു. മാണി സി കാപ്പൻ യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരാതി ഉന്നയിച്ചു എന്ന് കരുതി മാണി സി കാപ്പൻ നാളെ ഇടതുപക്ഷത്തേക്ക് പോകുമെന്ന് കരുതേണ്ട എന്ന് കേരളാ കോൺഗ്രസ്സ് നേതാവ് സജി മഞ്ഞക്കടമ്പൻ പറഞ്ഞു. എല്ലാ പരിപാടികളും അദ്ദേഹത്തെ അറിയിക്കാറുണ്ടെന്നും കോട്ടയത്ത് ഒരു പരിപാടികളിലും മാണി സി കാപ്പനെ ഒഴിവാക്കിയിട്ടില്ല എന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.