സ്ത്രീ സൗഹൃദ പ്രാദേശിക ഇടം: കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന ക്രൈം മാപ്പിംഗ് പദ്ധതിക്ക് കോട്ടയം ജില്ലയിൽ തുടക്കമായി, ആദ്യഘട്ടം ജില്ലയിലെ 11 പഞ്ചായത്തുക


കോട്ടയം: സ്ത്രീകൾക്കും കുട്ടികൾക്കുമെക്കെതിരെയുള്ള അതിക്രമങ്ങൾ തടഞ്ഞ് സ്ത്രീ സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന ക്രൈം മാപ്പിംഗ് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.  ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവ്വഹിച്ചു. 

 

ആദ്യഘട്ടമായി ചെമ്പ്, മാഞ്ഞൂർ, വെളളൂർ,തിരുവാർപ്പ്, വിജയപുരം, വാകത്താനം,ചിറക്കടവ്, മുണ്ടക്കയം,തലപ്പലം, മീനച്ചിൽ,എലിക്കുളം എന്നീ ഗ്രാമ പഞ്ചായത്തുകളിലാണ് ക്രൈം മാപ്പിംഗ് നടത്തുന്നത്. പ്രാദേശിക ഇടങ്ങളിൽ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരെ കണ്ടെത്തുക, കുറ്റകൃത്യങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കുക, പ്രശ്‌നങ്ങളെ കണ്ടെത്തുക, അതിക്രമങ്ങൾ നേരിടുന്നവരെ സഹായിക്കുക എന്നിവക്കായി നടത്തുന്ന  പഠന ഗവേഷണ പ്രവർത്തനമാണ് ക്രൈം മാപ്പിംഗ്.

 

സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുളള അതിക്രമങ്ങൾ തടയുക ലക്ഷ്യമിട്ട് കുറ്റകൃത്യങ്ങളുടെ മാതൃകകൾ മാപ്പ് ചെയ്യാനും വിശകലനം ചെയ്യാനും നിയമ നിർവ്വഹണ ഏജൻസികളിലെ വിശകലന വിദഗ്ദ്ധർ ഉപയോഗിക്കുന്ന ഒരു രീതിയാണ്  ക്രൈം മാപ്പിംഗ്. അയൽക്കൂട്ടങ്ങളിലും ഓക്‌സിലറി ഗ്രൂപ്പുകളിലുമുള്ളവർക്കും ട്രാൻസ്ജൻഡർ വിഭാഗത്തിൽപ്പെടുന്നവർക്കും  ജീവിതത്തിൽ നേരിടുന്ന  അതിക്രമങ്ങൾ രഹസ്യ സ്വഭാവം ഉറപ്പാക്കി രേഖപ്പെടുത്തി നൽകാൻ അവസരമൊരുക്കും. 

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ അധ്യക്ഷത വഹിച്ചു .കുടുംബശ്രീ ജില്ലാ മിഷൻ തയ്യാറാക്കിയ സ്ത്രീപക്ഷ നവകേരളം കലണ്ടർ  പ്രകാശനവും ചടങ്ങിൽ നടത്തി. ജില്ലാ പ്രൊജക്ട് മാനേജർ ഇ.എസ്. ഉഷാദേവി പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ അസ്സിസ്റ്റന്റ് ജില്ലാമിഷൻ കോ ഓർഡിനേറ്റർ അരുൺ പ്രഭാകർ സ്വാഗതവും  സ്‌നേഹിത കൗൺസിലർ ഡോ.ഉണ്ണിമോൾ നന്ദിയും  പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാർ,ക്ഷേമകാര്യ സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാർ, സെക്രട്ടറിമാർ,സിഡിഎസ് ചെയർപേഴ്‌സൺമാർ, കുടുംബശ്രീ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.