ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. രാവിലെ 9.30 നും 10.15 നും മധ്യേ തന്ത്രിമുഖ്യൻ ചെങ്ങന്നൂർ താഴമൺ മഠത്തിൽ ബ്രഹ്മശ്രീ കണ്ഠര് രാജീവര്, മേൽശാന്തി ബ്രഹ്മശ്രീ മൈവാടി പത്മനാഭൻ സന്തോഷ് എന്നിവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ് കർമ്മങ്ങൾ നടന്നത്.
നൂറുകണക്കിന് ഭക്തജനങ്ങളാണ് കൊടിയേറ്റ് കർമ്മത്തിനു സാക്ഷ്യം വഹിക്കാൻ ക്ഷേത്രത്തിൽ എത്തിയത്. മാർച്ച് 10 നു രാത്രി 11 മണിക്കാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും. 12 ന് ആറാട്ടോടെയാണ് ഉത്സവം അവസാനിക്കുന്നത്. നിലവിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ആൾക്കൂട്ടങ്ങൾക്കുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ക്ഷേത്രത്തിൽ എത്തുന്നവർ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. എല്ലാ ദിവസവും വിവിധ കലാപരിപാടികൾ അരങ്ങേറും.
ഭക്തിഗാനമേള,ഓട്ടൻ തുള്ളൽ, കഥകളി, സംഗീത സദസ്സ്, നൃത്തനൃത്ത്യങ്ങൾ തുടങ്ങിയവയുമുണ്ട്. ഉത്സവബലി ദർശനം രണ്ടാം ഉത്സവംമുതൽ ആരംഭിക്കും. ഒൻപതാം ഉത്സവ ദിനത്തിൽ ചലച്ചിത്രതാരം ജയറാമിന്റെ നേതൃത്വത്തിൽ 111 ലധികം കലാകാരന്മാർ പങ്കെടുക്കുന്ന സ്‌പെഷ്യൽ പഞ്ചാരിമേളമുണ്ട്. പള്ളി വേട്ട ദിവസമായ ഒൻപതാം ഉത്സവ ദിനത്തിൽ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും രാവിലത്തെ ശ്രീബലിക്ക് മേജർസെറ്റ് പഞ്ചാരിമേളവും, വൈകീട്ട് സ്‌പെഷ്യൽ പഞ്ചാരിമേളവും അവതരിപ്പിക്കും. ദുർഗ്ഗാ വിശ്വനാഥിന്റെ ഭക്തി ഗാനമേളയും വൈക്കം വിജയലക്ഷ്മിയുടെ ഗായത്രിവീണ സംഗീതനിശയും ഉത്സവത്തിനോടനുബന്ധിച്ചിട്ടുണ്ട്.
Photo: Ramesh Kidangoor