കോട്ടയം: സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശവ്യാപകമായ പണിമുടക്കിന്റെ ആദ്യ ദിവസമായ ഇന്നലെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ ഭൂരിപക്ഷം തൊഴിലാളികളും ഉദ്യോഗസ്ഥരും പണിമുടക്കിൽ പങ്കെടുത്തു. ഉദ്യോഗസ്ഥരിൽ 22.5 ശതമാനവും തൊഴിലാളികളിൽ 7.5 ശതമാനവും ആണ് ഹാജർ രേഖപ്പെടുത്തിയത്.
എന്നാൽ പണിമുടക്കിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളും ഉദ്യോഗസ്ഥരും സംസ്ഥാനത്ത് വൈദ്യുതി തടസ്സം നേരിട്ട എല്ലാ മേഖലകളിലും മാനേജ്മെന്റുമായി സഹകരിക്കുകയും വൈദ്യുതി തടസ്സം അപ്പപ്പോൾ നീക്കം ചെയ്യുകയും ചെയ്തു. വ്യാപകമായ മഴയെ തുടർന്ന് നിരവധി ട്രാൻസ്ഫോർമറുകൾക്കും ഇലക്ട്രിക് പോസ്റ്റുകൾക്കും കേടുപാടുകൾ സംഭവിച്ച് വൈദ്യുതി വിതരണം തടസ്സപ്പെട്ട എറണാകുളം, പെരുമ്പാവൂർ, കോട്ടയം, പാലാ സർക്കിളുകളിൽ സ്ഥിരം തൊഴിലാളികളും കരാർ തൊഴിലാളികളും ഉദ്യോഗസ്ഥരും സജീവമായി ഇടപെട്ട് വൈകീട്ട് 5 മണിയോടുകൂടി നഷ്ടപ്പെട്ട വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു.
12 മണിക്ക് കമ്പനി ഡയറക്ടർ ബോർഡ് എല്ലാ മേഖലാ ചീഫ് എഞ്ചിനീയർമാരും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർമാരുമായി സ്ഥിതിഗതികൾ വിലയിരുത്തി. തുടർ പ്രവർത്തനം ആവശ്യമുള്ള സർക്കിളുകളിൽ വൈകീട്ട് 5.30-ന് വീണ്ടും വീഡിയോ കോൺഫറൻസ് വഴി വൈദ്യുതി പുന:സ്ഥാപിക്കൽ വിലയിരുത്തി കാര്യമായ പുരോഗതി ഉണ്ടെന്നു രേഖപ്പെടുത്തി. പണിമുടക്കു ദിവസം സംസ്ഥാനത്തെ വൈദ്യുതി ഡിമാന്റ് ശരാശരി അവധി ദിവസങ്ങളിലെ വൈദ്യുതി ഡിമാന്റിന് സമാനമായി തുടരുന്നു. വൈകീട്ട് 7 മണി വരെ 59.8 മില്ല്യൺ യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് വിതരണം ചെയ്തു. വൈദ്യുതി കമ്മി ഒട്ടും രേഖപ്പെടുത്തിയിട്ടില്ല.