കോട്ടയത്തു നിന്നും 3 ദിവസം മുൻപ് കാണാതായ യുവാവിനെ പള്ളിക്കത്തോട്ടിലെ പാറമടക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.


പള്ളിക്കത്തോട്:  കോട്ടയത്തു നിന്നും 3 ദിവസം മുൻപ് കാണാതായ യുവാവിനെ പള്ളിക്കത്തോട്ടിലെ പാറമടക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ചിങ്ങവനം കുറിച്ചി ചാമാക്കുളത്ത് നിന്നും കാണാതായ കുറിച്ചി മലകുന്നം വാഴപ്പറമ്പിൽ സദാനന്ദന്റെ മകൻ വി.എസ് അജിനെ(24) യാണ്  പള്ളിക്കത്തോട് മുലൂരിലെ പാറമടക്കുളത്തിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് പാറമടക്കുളത്തിനു സമീപത്തെ റോഡരികിൽ സംശയാസ്പദമായ രീതിയിൽ ഒരു സ്‌കൂട്ടർ ഇരിക്കുന്നത് കണ്ടത്. സംശയം തോന്നിയ നാട്ടുകാർ വിവരം പള്ളിക്കത്തോട് പൊലീസിൽ അറിയിക്കുകയായിരുന്നു. രണ്ടു ദിവസത്തോളമായി സ്‌കൂട്ടർ റോഡരികിൽ ഇരിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.

നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സംഘം സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് പാറമടക്കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 29 നാണ് അജിനെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം പള്ളിക്കത്തോട്ടിലെ പാറമടക്കുളത്തിൽ നിന്നും കണ്ടെത്തിയത്.