പി എഫ് തുക പാസാക്കി നൽകണമെങ്കിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടണം, കോട്ടയം സ്വദേശിനിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയ കാസർഗ


കോട്ടയം: പി എഫ് തുക പാസാക്കി നൽകണമെങ്കിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടണം എന്ന് ആവശ്യപ്പെട്ടു കോട്ടയം സ്വദേശിനിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയ കാസർഗോഡ് സ്വദേശിയായ ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു.

കാസർഗോഡ് സ്വദേശിയും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷനിലെ ജൂനിയര്‍ സൂപ്രണ്ടുമായ വിനോയ് ചന്ദ്രന്‍ ആര്‍(41) നെയാണ് വിജിലന്‍സ് എസ്പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാന ഗവ.എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ വിഭാഗം പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസറാണ് വിനോയ് ചന്ദ്രന്‍ ജീവനക്കാരിക്ക് വീട് നിർമ്മിക്കുന്നതിന് വേണ്ടി പി എഫ് തുക പാസാക്കി നൽകുന്നത് താമസപ്പെടുത്തുകയും അശ്ളീല രീതിയിൽ ഫോണിലൂടെ സംസാരിക്കുകയും ചെയ്തതായി ജീവനക്കാരി വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

ജീവനക്കാരി നൽകിയ അപേക്ഷയിൽ തീരുമാനമാകാഞ്ഞതോടെയാണ് ഇയാളെ ഫോണിൽ ബന്ധപ്പെട്ടത്. തുടർന്ന് ഇയാൾ ജീവനക്കാരിയോട് വാട്‌സ് ആപ് കോളിലും വീഡിയോ കോളിലും വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ജീവനക്കാരി ഇതിനു തയ്യാറാകാഞ്ഞതിനെ തുടർന്ന് ഇയാൾ കോട്ടയത്ത് എത്തുന്നുണ്ടെന്നും ഹോട്ടൽ മുറിയിൽ വെച്ച് കാണാമെന്നും വരുമ്പോൾ 44 സൈസുള്ള ഷര്‍ട്ടും വാങ്ങി എത്തണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.

സംഭവത്തിൽ അപകടം തോന്നിയ ജീവനക്കാരി വിജിലന്‍സ് എസ്പി വി.ജി വിനോദ് കുമാറിനെ സമീപിക്കുകയായിരുന്നു. ജീവനക്കാരിക്ക് ഇയാൾ അയച്ച വാട്‌സ് ആപ് സന്ദേശങ്ങളടക്കം വിജിലൻസ് സംഘത്തിന് കൈമാറിയിരുന്നു. ഷര്‍ട്ടില്‍ ഫിനോഫ്തലില്‍ പൗഡർ പുരട്ടിയാണ് ജീവനക്കാരിയുടെ കയ്യിൽ വിജിലൻസ് സംഘം ഷർട്ട് കൊടുത്ത് വിട്ടത്.

ഇയാൾ ആവശ്യപ്പെട്ട പ്രകാരം ഹോട്ടല്‍ മുറിയില്‍ എത്തിയ ശേഷം യുവതി ഉള്ളിലേക്ക് കയറിയതിന് പിന്നാലെ വിജിലന്‍സ് സംഘം മുറിക്കുള്ളിലേക്ക് കയറി വിനോയ് ചന്ദ്രനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.