കോട്ടയം ജില്ലയിലെ മികച്ച തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരെ ആദരിച്ചു.


കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര വനിതാദിന-അനുബന്ധ വാരാചരണപരിപാടികളുടെ ഭാഗമായി ജില്ലയിലെ മികച്ച തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരെ ആദരിച്ചു.

മികച്ച വനിതാ മേറ്റുമാരായി തെരഞ്ഞെടുക്കപ്പെട്ട മറിയാമ്മ സാമുവൽ -മേലുകാവ്(ഈരാറ്റുപേട്ട) കുസുമം ശശി -കടനാട് (ളാലം), സുമ ആർ. നായർ -മാടപ്പള്ളി (മാടപ്പള്ളി), ഉഷ രഘു -അയർക്കുന്നം (പള്ളം), പ്രീത ഷാജി-ഉദയനാപുരം (വൈക്കം), ഷൈലജ പ്യാരിലാൽ (വാഴൂർ) മികച്ച വനിതാ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ട ജലജ മോഹൻദാസ് -പാറത്തോട് (കാഞ്ഞിരപ്പള്ളി), സുമ ബെന്നി (കടുത്തുരുത്തി), ജസിനി മധു  (പള്ളം), അജിത സുനിൽ -മീനടം (പാമ്പാടി), തങ്കമ്മ (ഉഴവൂർ), പുഷ്പ ഗണേഷ് (വാഴൂർ) എന്നിവരെ .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പൊന്നാടയണിച്ച് ഫലകം സമ്മാനിച്ചു.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ  തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്ററും പി.എ.യു. പ്രൊജക്ട് ഡയറക്ടറുമായ പി.എസ്.ഷിനോ അധ്യക്ഷത വഹിച്ചു. ആസാദി കാ അമൃത മഹോത്സവത്തിന്റെ ജില്ലാ കോ-ഓർഡിനേറ്ററായ  ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണർ ഷറഫ് പി.ഹംസ, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.രമേശ്, ജില്ലാ വനിതാ ക്ഷേമ ഓഫീസർ ജെ. പ്രമീള കുമാരി, കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, തൊഴിലുറപ്പ് പദ്ധതി വനിതാ മേറ്റ് പ്രതിനിധി കൃഷ്ണകുമാരി എസ്. മേനോൻ, തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താവ് ജലജ മോഹൻദാസ് എന്നിവർ സംസാരിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ മൂന്നു വർഷങ്ങളിലായി 300 മുതൽ 600 വരെ പ്രവൃത്തിദിനങ്ങൾ പൂർത്തിയാക്കുകയും പരമാവധി തൊഴിൽ യൂണിറ്റുകളിൽ പ്രവർത്തിക്കുകയും ചെയതിട്ടുള്ള  45 നും 65 മദ്ധ്യേ പ്രായമുള്ള ആറ് പേരെയാണ്    മികച്ച  ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്.

കമ്പോസ്റ്റ്, തൊഴുത്ത്, ആട്ടിൻകൂട്, സോക്പിറ്റ്, ശുചിമുറി നിർമാണങ്ങൾ, വിവിധ വിളകളുടെ കൃഷിക്കും മത്സ്യക്കൃഷിക്കുമാവശ്യമായ കുളങ്ങൾ, കിണറുകൾ തുടങ്ങീ പരമാവധി നിർമ്മാണ പ്രവൃത്തികൾക്കു നേതൃത്വം നൽകിയതും 600 വരെ പ്രവൃത്തിദിനങ്ങളുള്ള ആറ് മേറ്റുമാരെയുമാണ് തെരഞ്ഞെടുത്തത്.