കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ ഇരട്ടക്കൊലപാതകം: ജേഷ്ഠ സഹോദരന്റെ വെടിയേറ്റ് മരിച്ച രഞ്ജുവിന്റെ സംസ്കാരം ഇന്ന്, മാതൃസഹോദരന്റെ സംസ്കാര


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ ഇരട്ടക്കൊലപാതകത്തിൽ മരണമടഞ്ഞവരുടെ സംസ്കാരം ഇന്നും നാളെയുമായി നടക്കും.സ്വത്ത് തർക്കത്തെ തുടർന്ന് ജേഷ്ഠ സഹോദരന്റെ വെടിയേറ്റ് മരിച്ച രഞ്ജുവിന്റെ സംസ്കാരം ഇന്നും മാതൃസഹോദരന്റെ സംസ്കാരം വ്യാഴാഴ്ച്ചയുമാണ് നടക്കുക.

കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ കെ വി കുര്യന്റെയും റോസ് കുര്യന്റെയും ഇളയ മകൻ രഞ്ജു കുര്യൻ(50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം കെ ടി മാത്യു സ്കറിയ(78) എന്നിവരാണ് മരിച്ചത്. ജേഷ്ഠ സഹോദരൻ ജോർജ് കുര്യന്റെ(52) വെടിയേറ്റാണ് ഇരുവരും മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വെടിയേറ്റതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മാതൃസഹോദരന്റെ മരണം സംഭവിച്ചത്.

രഞ്ജു കുര്യൻ സംഭവ സ്ഥലത്തു വെച്ച് തന്നെ മരണമടഞ്ഞു. കുടുംബ സ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന വിധത്തിലുള്ള സംഭവങ്ങളിൽ അവസാനിച്ചത്. ഇരുവരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂർത്തീകരിച്ചു. ഊട്ടിയിൽ നിന്നും കഴിഞ്ഞ ദിവസമാണ് രഞ്ജു വീട്ടിൽ എത്തിയത്.  സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളിലായി സഹോദരങ്ങൾ തമ്മിൽ സംസാരങ്ങൾ നടന്നിരുന്നു. ഇരുവരും തമ്മിലുള്ള തർക്കം പറഞ്ഞു പരിഹരിക്കുന്നതിനായി എത്തിയതായിരുന്നു മാതൃ സഹോദരൻ.

വീടിനോടു ചേർന്നുള്ള മുറിയിലിരുന്നാണ് മൂവരും കാര്യങ്ങൾ സംസാരിച്ചിരുന്നത്. ഇതിനിടെ ജോർജ് കുര്യൻ തന്റെ കയ്യിൽ കരുതിയിരുന്ന റിവോൾവർ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. രഞ്ജു കുര്യന്റെ തലയ്ക്കാണ് വെടിയേറ്റത്. തലയ്ക്ക് വെടിയേറ്റ രഞ്ജു വീടിനു സമീപമുള്ള ഹാളിൽ വെച്ചുതന്നെ തൽക്ഷണം മരിക്കുകയായിരുന്നു. എറണാകുളത്ത് റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്ന ഇയാൾ 3 ദിവസം മുൻപ് എറണാകുളത്തു നിന്നും കാഞ്ഞിരപ്പള്ളിയിൽ എത്തി ഹോട്ടലിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസിൽ ജോർജ് കുര്യനു ഭീമമായ നഷ്ടവും ഇതേത്തുടർന്ന് കടബാധ്യതകളും ഉണ്ടായിരുന്നു.

ഇന്നലെ വൈകിട്ട് ജോർജ് കുര്യനെ പോലീസ് തെളിവെടുപ്പിനായി വീട്ടിലെത്തിച്ചിരുന്നു. വിദേശ നിർമ്മിത റിവോൾവർ ഉപയോഗിച്ചാണ് ജോർജ് വെടിയുതിർത്തത്. നിറതോക്കിൽ നിന്നും 4 വെടിയുണ്ടകളാണ് കാണാതായിരുന്നത്. രഞ്ജുവിന്റെ ശരീരത്തിൽ നിന്നും 2 വെടിയുണ്ടകളും മാതൃസഹോദരന്റെ ശരീരത്തിൽ നിന്നും ഒരു വെടിയുണ്ടയും കണ്ടെത്തിയതായാണ് വിവരം. മാതൃസഹോദരന്റെ തലയിലേറ്റ വേദിയിൽ വെടിയുണ്ട തല തുളച്ചു പുറത്തു പോയതുപോലെയുള്ള പാടുണ്ട്. ജില്ലാ പോലീസ് മേധാവി ഡി.ശില്പ, കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.

കോതമംഗലം സ്വദേശിനി മലയിൽ റോഷിൻ ആണ് രഞ്ജുവിന്റെ ഭാര്യ. റോസ്മേരി,റീസാ,കുര്യൻ,റോസാൻ എന്നിവരാണ് മക്കൾ. രഞ്ജുവിന്റെ മൃതദേഹം ഇന്ന് രാവിലെ 7 മണിയോടെ കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ എത്തിക്കും. തുടർന്ന് 12 മണിക്ക് കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും. മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം കെ ടി മാത്യു സ്കറിയയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൂട്ടിക്കൽ സെന്റ്.ജോർജ് പള്ളിയിൽ നടക്കും.