പാലായിൽ ആൾത്താമസമില്ലാത്ത പുരയിടത്തിലെ കിണറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹം കണ്ടത് വീട് വാടകയ്‌ക്കെടുക്കാനായി വന്നവർ.


പാലാ: പാലായിൽ ആൾത്താമസമില്ലാത്ത പുരയിടത്തിലെ കിണറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. പാലാ ഇടപ്പാടിയിലാണ് സംഭവം.

 

പാലാ ഇടപ്പാടി സ്വദേശി മുല്ലശ്ശേരി ഗിരീഷ് കുമാർ(49) നെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് വിവരം. പാലാ ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തിനു സമീപമുള്ള വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

 

ആൾത്താമസമില്ലാതിരുന്ന വീട് വാടകയ്‌ക്കെടുക്കാനായി എത്തിയവരാണ് കിണറ്റിനുള്ളിൽ മൃതദേഹം കണ്ടത്. ഗിരീഷ് കുമാറിനെ കഴിഞ്ഞ മാസം 27 മുതൽ കാണാനില്ല എന്നാണു നാട്ടുകാർ നൽകുന്ന വിവരം.

തുടർന്ന് വിവരമറിയിച്ചതനുസരിച്ച് പാലാ പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി.