പെൺകോട്ടയം: ഫ്ലാഷ് മോബും വനിതാ റാലിയും, കോട്ടയത്ത് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷമാക്കി ജില്ലാ വനിതാ ശിശു വികസന ഓഫീസും മഹിളാ ശക്തി കേന്ദ്രയും.


കോട്ടയം: അന്താരാഷ്ട്ര വനിതാ ദിനം ജില്ലാ വനിതാ ശിശു വികസന ഓഫീസും മഹിളാ ശക്തി കേന്ദ്രയും ചേർന്ന് അക്ഷരനഗരിയിൽ ആഘോഷമാക്കി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാശിശു വികസന വകുപ്പും മഹിള ശക്തികേന്ദ്രവും സംയുക്തമായി കോട്ടയം ജില്ലയിൽ ഇന്നലെ വിപുലമായ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.

രാവിലെ 9 മണിക്ക് നാഗമ്പടം ബസ് സ്റ്റാൻഡിൽ ബി.സി.എം.കോളേജ് വുമൺസ് സെല്ലിന്റെ സഹകരണത്തോടെ കോളേജ് വിദ്യാർത്ഥിനികൾ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. യാത്രക്കാരടക്കം നിരവധിപ്പേരാണ് കാഴ്ചക്കാരായുണ്ടായിരുന്നത്. രാവിലെ  9:30 മണിക്ക് കോട്ടയം തിരുനക്കര ഗാന്ധി സ്‌ക്വയറിൽ സൈക്കോ സോഷ്യൽ കൗൺസിലേഴ്‌സ് തെരുവ് നാടകം അവതരിപ്പിച്ചു. തുടർന്ന് തിരുനക്കര ഗാന്ധി സ്‌ക്വയറിൽ നിന്ന് ചിൽഡ്രൻസ് ലൈബ്രറി വരെ നടത്തിയ വനിതാ റാലി കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഫ്ലാഗ് ഓഫ് ചെയ്തു.

ചിൽഡ്രൺസ് ലൈബ്രറി ഹാളിൽ 10.30 ന് നടത്തുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികൾ, സെമിനാർ, സംവാദം എന്നിവയും അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. പള്ളം അഡിഷണൽ സി.ഡി.പി.ഓ ജംല റാണി സ്വാഗതം ആശംസിച്ചു. വനിത ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയിൻ അധ്യക്ഷയായിരുന്നു. 104ആം വയസിൽ സാക്ഷരത മികവുത്സവത്തിൽ വിജയിച്ച  കുട്ടിയമ്മ കൊന്തി, വിജയം കരസ്ഥമാക്കാൻ ഒപ്പം നിന്ന അദ്ധ്യാപിക രഹന ജോൺ എന്നിവരെ ആദരിച്ചു.

തുടർന്ന് ഐ.സി.ഡി.എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ കലാ പരിപാടികൾ നടത്തപെട്ടു.  ഉച്ചക്ക് ശേഷം കുടുംബങ്ങളിൽ ലിഗ സമത്വം എന്ന വിഷയത്തിൽ സംവാദം നടത്തി. തുടർന്ന്  ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് ആൻഡ് അൺപ്ലാൻഡ് പ്രെഗ്നൻസി എന്ന വിഷയത്തിൽ കെ എൻ ഷീബയും ജൻഡർ പെർസ്പെക്റ്റീവ് ഓൺ ഹെൽത്ത് ആൻഡ് ന്യൂട്രിഷൻ, ജൻഡർ പെർസ്പെക്റ്റീവ് അറ്റ് വർക്ക്(KILA) എന്ന വിഷയത്തിൽ കില റിസോഴ്സ് പേഴ്സൺ നൈസി ബെന്നി എന്നവർ സെമിനാറിൽ ക്ലാസുകൾ നയിച്ചു. തൊഴിലിടങ്ങളിലെ ലിംഗ നീതി എന്ന വിഷയത്തിൽ സംവാദവും നടന്നു. മഹിളാ ശക്തി കേന്ദ്ര വുമൺ വെൽഫയർ ഓഫീസർ ഹെലീന രാജൻ ഫിലിപ്പ് നന്ദി പറഞ്ഞു.