കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയില്‍ വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കടുത്തുരുത്തി കെ എസ് പുരം മുകളേല്‍ സണ്ണിയുടെ മകന്‍ ഷെറിന്‍ സണ്ണി (22) ആണ് മരിച്ചത്.
കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ മരണകാരണം വിഷവാതകം ശ്വസിച്ചതിനെ തുടർന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് വീടിന്റെ മുറ്റത്ത് ഷെഡിൽ നിന്നും വിറകെടുക്കുന്നതിനായി എത്തിയ അമ്മ റാണി ഷെറിനെ കാറിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കാറിനുള്ളിൽ വിഷവസ്തുക്കൾ കൂട്ടിയിട്ടു കത്തിച്ചിരുന്നു. തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക നിഗമനം.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി യുവാവിന്റെ ആന്തരാവയവങ്ങള്‍ രാസ പരിശോധനയ്ക്കായി അയച്ചതായി കടുത്തുരുത്തി പോലീസ് പറഞ്ഞു. കഞ്ചാവ് പുക ശ്വസിച്ച് ആണോ ഷെറിന്‍ സണ്ണി മരിച്ചത് എന്ന കാര്യത്തെ കുറിച്ച് പോലീസ് വിശദമായ പരിശോധന നടത്തി വരികയാണ് . ഷെറിന്റെ ശ്വാസകോശത്തിൽ വിഷപ്പുകയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കടുത്തുരുത്തി പോലീസും കോട്ടയത്തു നിന്നും വിരലടയാള വിദഗ്ദ്ധരും സയന്റിഫിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
കാറിനുള്ളിൽ വിഷവസ്തുക്കൾ കൂട്ടിയിട്ടു കത്തിച്ചിരുന്നു. ഇതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ കഞ്ചാവ് കൂട്ടിയിട്ട കത്തിച്ച ശേഷം പുക ശ്വസിച്ചതാണോ മരണകാരണം എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ആന്തരാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തത വരികയുള്ളു. എന്നാൽ മകൻ ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബം. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഷെറിന്റെ സംസ്കാരം കഴിഞ്ഞ ദിവസം അറുനൂറ്റിമംഗലം മലകയറ്റപള്ളി സെമിത്തേരിയില്‍ നടന്നു. സഹോദരങ്ങള്‍: ആഷ്‌ലി സണ്ണി, കെവിന്‍ സണ്ണി.