കോട്ടയം ജില്ലയിലെ ആദ്യത്തെ മില്‍ക്ക് എ.ടി.എം മണർകാട് അരീപ്പറമ്പിൽ മന്ത്രി വി.എൻ വാസവൻ ഉത്‌ഘാടനം ചെയ്തു.


കോട്ടയം: കോട്ടയം ജില്ലയിലെ ആദ്യത്തെ മില്‍ക്ക് എ.ടി.എം മണർകാട് അരീപ്പറമ്പിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉത്‌ഘാടനം ചെയ്തു. 435000 രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്ന ജില്ലയിലെ ആദ്യത്തെ മിൽക്ക് എ.ടി.എം മണർകാട് അരീപ്പറമ്പിലെ ക്ഷീര വ്യവസായ സഹകരണ സംഘത്തിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. അരീപ്പറമ്പ് വ്യവസായ സഹകരണ സംഘം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ന് രാവിലെ 09:30 നു മന്ത്രി മില്‍ക്ക് എ.ടി.എം ഉത്‌ഘാടനം ചെയ്തു.

24 മണിക്കൂർ സേവനം ലഭ്യമാകുന്ന എ.ടി.എമ്മിന് 300 ലിറ്റര്‍ പാൽ സംഭരണശേഷിയുണ്ട്. നിർമ്മാണ ചെലവിൽ രണ്ട് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടും ബാക്കി   തുക സംഘത്തിൻ്റേതുമാണ്. ഡൽഹി ആസ്ഥാനമായ പ്യുവർ ലോ കമ്പനിയാണ് മെഷീൻ നിർമ്മിച്ചത്. ഈ വര്‍ഷത്തെ കോട്ടയം ജില്ലയിലെ മികച്ച പരമ്പരാഗത ക്ഷീരസംഘമായി അരീപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംഘത്തില്‍ നിന്നും ലഭിക്കുന്ന സ്മാർട്ട് കാര്‍ഡ് ഉപയോഗിച്ചോ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ നൂറ് മില്ലി ലിറ്റര്‍ മുതല്‍ പാല്‍ ശേഖരിക്കാനാകും.

പാൽ ശേഖരിക്കുന്നതിനായി ഉപഭോക്താക്കൾ പാത്രങ്ങളുടെ വേണം എത്താൻ. പാൽ സംഭരിക്കുന്ന ടാങ്ക്,പണം ശേഖരിക്കുന്ന ഡ്രോ, കറൻസി ഡിക്ടറ്റർ, കംപ്രസർ, ക്ലീനിംഗിനുള്ള മെഷീനുകൾ എന്നിവ എല്ലാം എ.ടി.എം മെഷീനിൽ സജ്ജമാക്കിയിട്ടുണ്ട്. 1957 മുതലാണ് അരീപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. പ്രതിദിനം 2000 മുതല്‍ 2500 ലിറ്റര്‍ വരെ പാല്‍ സംഘത്തിൽ സംഭരിക്കുന്നുണ്ട്.

200 സ്ഥിരം അംഗങ്ങളുള്‍പ്പെടെ 1688 അംഗങ്ങളാണ്  സംഘത്തിലുള്ളതെന്നും ക്ഷീരകര്‍ഷകര്‍ക്കുള്ള ക്ഷേമനിധിയില്‍ യാതൊരുവിധ കുടിശ്ശികയുമില്ലാത്ത സംഘം കൂടിയാണിത് എന്നും സംഘം പ്രസിഡന്റ് വി.സി.സ്‌കറിയയും സെക്രട്ടറി കെ.എസ് ടിജോയും പറഞ്ഞു. നാല് വര്‍ഷം മുന്‍പാണ് ക്ഷീര വികസന വകുപ്പില്‍ നിന്നുള്ള പത്ത് ലക്ഷം രൂപയും സംഘത്തിന്റെ ഫണ്ടും വിനിയോഗിച്ച് സംഘത്തിന്റെ സ്വന്തമായുള്ള ഏഴ് സെന്റ് സ്ഥലത്ത് ആണ് ഇരുനില കെട്ടിടം നിർമ്മിച്ചു സംഘം പ്രവർത്തിക്കുന്നത്.